സെൽഫ് ഡ്രൈവിങ് ടാക്സിയിൽ സഞ്ചരിച്ച് ദുബായ് കിരീടാവകാശി,വിഡിയോ
Mail This Article
ദുബായ്∙ ദുബായിൽ സെൽഫ് ഡ്രൈവിങ് ടാക്‌സികൾ ഉടൻ രംഗപ്രവേശനം ചെയ്യും. ഇന്നലെ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമത്തിൽ ഒരു സെൽഫ് ഡ്രൈവിങ് ടാക്സിയിൽ യാത്ര ചെയ്യുന്ന വിഡിയോ ക്ലിപ്പുകൾ പങ്കുവച്ചിരുന്നു.ഗവൺമെന്‍റ് ഓഫ് ദുബായ് മീഡിയ ഓഫിസ് (GDMO) പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ഷെവർലെ ബോൾട്ട് അധിഷ്ഠിത ക്രൂയിസ് ഓട്ടോണമസ് വെഹിക്കിളിന്‍റെ (AV) ആദ്യ ഡെമോ റൈഡിലാണ് ജുമൈറ 1 ഏരിയയിൽ ഷെയ്ഖ് ഹംദാൻ പങ്കെടുത്തത്.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മാറ്റർ അൽ തായർ, ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി എന്നിവർ പിന്നിലെ യാത്രക്കാരുടെ സീറ്റിൽ കയറുന്നതും വിഡിയോയിൽ കാണാം. രണ്ടാമത്തെയും മൂന്നാമത്തെയും ക്ലിപ്പുകളിൽ, ഒരു സ്പീഡ് ബമ്പിന് സമീപത്ത് വച്ച് വാഹനം സ്വയം വേഗത കുറയ്ക്കുന്നതും കാണാം.
2021 ഏപ്രിലിൽ, സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ ക്രൂസിന്‍റെ സ്വയംനിയന്ത്രിത വാഹനങ്ങൾ വാണിജ്യപരമായി യുഎസിന് പുറത്ത് ആദ്യത്തെ നഗരമായി ദുബായ് മാറുമെന്ന് ആർടിഎ വെളിപ്പെടുത്തിയിരുന്നു. പ്രമുഖ ആഗോള ഓട്ടോമോട്ടീവ് കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്റെ (ജിഎം) ഉടമസ്ഥതയിലുള്ള ആർടിഎയും ക്രൂസും ചേർന്ന് 2030 ഓടെ 4,000 വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിട്ടുകൊണ്ടാണ് ആദ്യത്തെ ഓട്ടോണമസ് ടാക്സി റൈഡ് അവതരിപ്പിച്ചത്. സെൽഫ് ഡ്രൈവിങ് ഗതാഗതം ദുബായിയെ ലോകത്തെ ഏറ്റവും സ്മാർട്ടായ നഗരമായി മാറ്റുന്നതിന് സഹായിക്കുമെന്ന് കരുതപ്പെടുന്നു.
ഷെയ്ഖ് ഹംദാൻ പങ്കുവച്ച ദൃശ്യങ്ങളിൽ ഡ്രൈവർ സീറ്റിലിരുന്ന ഒരു ക്രൂയിസ് പ്രതിനിധി ഓട്ടോണമസ് വാഹനത്തിന്‍റെ സവിശേഷതകൾ വിശദീകരിക്കുന്നത് കാണിച്ചിട്ടുണ്ട്. സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്കായി ഡിജിറ്റൽ മാപ്പിങ് ജുമൈറ 1ൽ നടന്ന് വരികയാണ്. ലിഡാറുകളും റേഞ്ചിങ് ഉപകരണങ്ങളും ക്യാമറകളും മറ്റും ഉൾപ്പെടെയുള്ള സെൻസറുകളുടെ സംവിധാനത്തോടെയുള്ള എച്ച്ഡി മാപ്പിങ് സാങ്കേതികവിദ്യയാണ് രൂപപ്പെടുത്തുന്നത്.