ദുബായിലെ മാൾ സന്ദർശിച്ച് ദുബായ് ഭരണാധികാരി; അപ്രതീക്ഷിതമായി കണ്ട 'അതിഥി'യെ കണ്ട് വിസ്മയിച്ച് ജനങ്ങൾ
Mail This Article
ദുബായ് ∙ അപ്രതീക്ഷിതമായി ദുബായിലെ മാൾ സന്ദർശിച്ച യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദർശകർക്കും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിസ്മയം സമ്മാനിച്ചു. പ്രിയ ഭരണാധികാരിയെ നേരിട്ട് കണ്ട മാൾ ജീവനക്കാരിയായ ഫിലിപ്പിനോ യുവതി വില്ലൽബയാണ് ഷെയ്ഖ് മുഹമ്മദിന്റെ പടം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ജുമൈറയിലെ മെർക്കാറ്റോ മാളിലാണ് ഷെയ്ഖ് മുഹമ്മദ് സന്ദർശനം നടത്തിയത്. അദ്ദേഹം മാളിലുണ്ടെന്ന് അറിഞ്ഞയുടൻ വില്ലൽബയും കൂട്ടുകാരും കാണാൻ ഓടിച്ചെല്ലുകയായിരുന്നു. ഷെയ്ഖ് മുഹമ്മദിനെ തൊട്ടു മുൻപിൽ കണ്ടപ്പോൾ താൻ തരിച്ച് നിന്നുപോയെന്ന് ഇവർ പറഞ്ഞു. ഷെയ്ഖ് മുഹമ്മദിനൊപ്പം കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ കൈയിൽ പതിവായുണ്ടാകാറുള്ള ഒരു വടിയുണ്ടായിരുന്നു. ലോകത്തെ മറ്റിടങ്ങളിൽ രാജകുടുംബങ്ങൾക്കും വിഐപികൾക്കും ചുറ്റും സാധാരണയായി കാണാറുള്ള വലിയ പരിവാരങ്ങളൊന്നും കൂടെയില്ലായിരുന്നു. വില്ലൽബയ്ക്ക് അദ്ദേഹത്തിന്റെ വ്യക്തമായ ചിത്രം മൊബൈല്‍ ഫോണിൽ പകർത്താനും കഴിഞ്ഞു. ഇതേസമയം, ഷെയ്ഖ് മുഹമ്മദ് സന്ദർശിക്കുന്ന വീഡിയോ സൂപ്പർമാർക്കറ്റ് ശൃംഖലയായ സ്പിന്നിസും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ദുബായ് ഭരണാധികാരി കടയ്ക്കുള്ളിൽ പുതിയ പഴങ്ങളും ജ്യൂസുകളും പ്രദർശിപ്പിച്ചിരിക്കുന്ന പ്രദേശത്ത് ചുറ്റിനടക്കുന്നത് ഇതിൽ കാണാം.