ഏഷ്യൻ കപ്പിന് ആരാധകർക്കായി ട്രാവൽ പാക്കേജ്; ഖത്തർ എയർവേയ്‌സുമായി കൈകോർത്ത് എഎഫ്‌സി
Mail This Article
ദോഹ ∙ വരും വർഷങ്ങളിലെ ഏഷ്യൻ ഫുട്‌ബോൾ മത്സരങ്ങളിലേക്ക് എത്തുന്ന ആരാധകർക്ക് മികച്ച യാത്രാനുഭവം നൽകാൻ ലക്ഷ്യമിട്ട് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും (എഎഫ്‌സി) ഖത്തർ എയർവേയ്‌സ് ഗ്രൂപ്പും ആഗോള പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ജനുവരിയിലെ ഏഷ്യൻ കപ്പിലേക്കുള്ള ഫാൻ ട്രാവൽ പാക്കേജും പ്രഖ്യാപിച്ചു. 2023 മുതൽ 2029 വരെ നടക്കുന്ന എഎഫ്‌സി ഏഷ്യൻ ടൂർണമെന്റുകളിലാണ് എഎഫ്‌സിയുടെ ഔദ്യോഗിക യാത്രാ പങ്കാളിയാകാൻ ഖത്തർ എയർവേയ്‌സുമായി കൈകോർത്തത്.
ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ എഎഫ്‌സി ഏഷ്യൻ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് പുതിയ പങ്കാളിത്തത്തിൽ ഒപ്പുവച്ചത്. ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ എൻജിനീയർ. ബാദർ മുഹമ്മദ് അൽ മീറും എഎഫ്‌സി ജനറൽ സെക്രട്ടറി ദതുക് സെരി വിൻസർ ജോണും ആണ് കരാറിൽ ഒപ്പുവച്ചത്.
യാത്രാ പാക്കേജ്
ജനുവരിയിലെ ഏഷ്യൻ കപ്പിൽ ആരാധകർക്കായുള്ള യാത്രാ പാക്കേജും ഇതോടൊപ്പം പ്രഖ്യാപിച്ചു. റിട്ടേൺ വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, മത്സര ടിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. ഖത്തർ എയർവേയ്‌സിന്റെ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് ഏവിയോസ്, ക്യു പോയിന്റുകളും ഈ പാക്കേജുകളിൽ ലഭ്യമാണ്. കാഷും ഏവിയോസ് ഉപയോഗിച്ച് ഓൺലൈനിൽ ടിക്കറ്റ് ബുക്കിങ്ങിന് അവസരമുണ്ട്.
ടൂർണമെന്റ് കാലത്ത് വെസ്റ്റ് ബേയിലെ ഖത്തർ എയർവേയ്‌സിന്റെ ബി12 ബീച്ച് ക്ലബ്ബിൽ മത്സരം തൽസമയം കാണാനുള്ള ഭീമൻ സ്‌ക്രീനുകളും ആരാധകർക്കായി വിനോദ, കലാ പരിപാടികളും ഉണ്ടാകും. ഏപ്രിൽ 15 മുതൽ മേയ് 3 വരെ ഖത്തറിൽ നടക്കുന്ന എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ്, 2027ൽ സൗദിയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ്, 2026 എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ്, 2024, 2026, 2028 വർഷങ്ങളിലെ എഎഫ്‌സി ഫുട്‌സാൽ ഏഷ്യൻ കപ്പ്, എഎഫ്‌സി യൂത്ത് നാഷനൽ ടീം മത്സരങ്ങൾ, എഎഫ്‌സി ചാംപ്യൻസ് ലീഗ് 2023-24 നോക്ക് ഔട്ട് മത്സരങ്ങൾ, 2024-25 സീസണിലെ എഎഫ്‌സി ഫ്ലാഗ്ഷിപ്പ് ക്ലബ്ബ് മത്സരങ്ങൾ, എഎഫ്‌സി ചാംപ്യൻസ് ലീഗ് എലൈറ്റ്, വനിതാ ചാംപ്യൻസ് ലീഗ്, എഎഫ്‌സി ചാംപ്യൻസ് ലീഗ്-2 എന്നിങ്ങനെ സുപ്രധാന മത്സരങ്ങളിലാണ് ഖത്തർ എയർവേയ്‌സിന്റെ പങ്കാളിത്തമുള്ളത്.