ADVERTISEMENT

കുവൈത്ത് സിറ്റി∙ ജനകീയ നേതാവിന്റെ വേർപാടിൽ മനംനൊന്ത് കുവൈത്ത് ജനത. കുവൈത്ത് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം (38 മാസം) മാത്രമാണ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അമീർ ആയതെങ്കിലും അര നൂറ്റാണ്ടിലേറെ കാലം വഹിച്ച വിവിധ പദവികളിൽ എടുത്ത നയങ്ങളിലൂടെ ജനമനസ്സിൽ ഇടം നേടാൻ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ ആ മനുഷ്യസ്നേഹിയുടെ വേർപാട് സ്വദേശികൾക്കും വിദേശികൾക്കും വലിയ നഷ്ടമാണ്.

രാജ്യത്തിന്റെ സ്ഥിരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ മരണം വരെ കാത്ത നേതാവ്. കോവിഡ്, ഖത്തർ ഉപരോധം തുടങ്ങി പ്രതിസന്ധികൾ നിറഞ്ഞ സമയത്താണ് കുവൈത്തിന്റെ അമരത്ത് എത്തിയതെങ്കിലും കാര്യങ്ങളെ തന്മയത്വത്തോടെ സമീപിച്ച് ജനോപകാര നടപടികൾ സ്വീകരിച്ച് ജനങ്ങൾക്കും സത്യത്തിനും നീതിക്കുമൊപ്പം നിന്നു. 

arab-world-tribute-to-kuwait-emir
ചിത്രം: നൗഫൽ മൂടാടി കുവൈത്ത്.

അരനൂറ്റാണ്ടിന്റെ ഭരണപരിചയം അമീർ എന്ന പരമോന്നത പദവി പക്വതയോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചു. ഖത്ത‍ർ ഉപരോധം ഉൾപ്പെടെ മേഖലയിൽ ഉടലെടുത്ത ഭിന്നതകൾ രൂക്ഷമാകാതിരിക്കാനും മേഖലയിൽ സമാധാന ശ്രമങ്ങൾക്കുമായി ശ്രമിച്ചു. മേഖലാ, രാജ്യാന്തര വിഷയങ്ങളിലും മധ്യസ്ഥന്റെ റോളിലായിരുന്നു കുവൈത്ത്. ലോകത്ത് പ്രകൃതി ദുരന്തത്തിലും മറ്റും ദുരിതമനുഭവിക്കുന്നവർക്ക്  സഹായം എത്തിച്ചെന്ന് ഷെയ്ഖ് നവാഫ് ഉറപ്പാക്കുമായിരുന്നു.

രാജ്യ വികസനത്തിൽ വിദേശികൾ പ്രത്യേകിച്ച് ഇന്ത്യക്കാർ വഹിച്ച പങ്ക് അദ്ദേഹം എടുത്തുപറയുമായിരുന്നു. 5 പതിറ്റാണ്ടിലേറെ കാലം വിവിധ പദവികൾ വഹിച്ചിരുന്ന സമയത്തെല്ലാം ജീവനക്കാരോട് പ്രത്യേകിച്ച് മലയാളികളോട് ഏറെ അനുകമ്പ കാട്ടി. ഇറാഖ്–കുവൈത്ത് അധിനിവേശ കാലത്ത് കുവൈത്തിൽ കുടുങ്ങിയ ഇന്ത്യക്കാർക്കു സൗകര്യമൊരുക്കാനും സുരക്ഷിതമായി നാട്ടിൽ എത്തിക്കാനും പ്രത്യേക താൽപര്യം എടുത്തു. വ്യക്തിപരമായ കാര്യങ്ങൾ സ്വയം ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിനു താൽപര്യം. അനാരോഗ്യം കാരണം ഭരണ കാര്യങ്ങളിൽ വീഴ്ച വരരുതെന്ന് കരുതി പ്രത്യേക അധികാരങ്ങൾ കിരീടാവകാശിക്കു കൈമാറിയതും ശ്രദ്ധേയം. 

മനുഷ്യസ്നേഹിയായ നേതാവിന്റെ വേർപാടിൽ കുവൈത്ത് ജനതയോടൊപ്പം രാജ്യത്തെ 9.7 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഷെയ്ഖ് നവാഫിനോടുള്ള ആദരസൂചകമായി 40 ദിവസത്തേക്ക് പരിപാടികളെല്ലാം നിർത്തിവച്ചു. യുഎഇയും ഖത്തറും 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖത്തറിൽ 3 ദിവസം ദു:ഖാചരണം. ദേശീയ പതാക പകുതി താഴ്ത്തി കെട്ടി. 

അനുശോചന പ്രവാഹം 
കുവൈത്ത് അമീറിന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുഃഖം രേഖപ്പെടുത്തി. അമീറിന്റെ കുടുംബത്തിനും കുവൈത്ത് ജനതയ്ക്കും ദൈവം ആശ്വാസം നൽകട്ടേയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നാളെവരെ രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും യുഎഇയിലെ എംബസികളിലും മറ്റു നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അമീറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 

∙ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചനം രേഖപ്പെടുത്തി. ഒമാനിലും മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ വരെ സർക്കാർ, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കും. പതാക താഴ്ത്തിക്കെട്ടും.

∙ അറബ്, ഇസ്‌ലാമിക് ലോകത്തിന് വിവേകശാലിയായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് ഖത്തർ അമീർ അനുശോചിച്ചു. സ്വന്തം രാജ്യത്തോടും ജനങ്ങളോടും വിശ്വസ്തത പുലർത്തിയ ഭരണാധികാരിയായിരുന്നു. ഗൾഫ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചു. മേഖലയിലെയും ആഗോള തലത്തിലെയും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ വലിയ പിന്തുണ നൽകിയ നേതാവായിരുന്നു അദ്ദേഹമെന്നും അമീർ അനുസ്മരിച്ചു. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെയാണ് അമീർ അനുശോചനം അറിയിച്ചത്. ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി എന്നിവരും അനുശോചനം അറിയിച്ചു. 

English Summary:

Arab World: Tribute to Kuwait Emir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com