ഷെയ്ഖ് നവാഫിന്റെ വിയോഗം; ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ വിയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ആദരസൂചകമായി ഇന്ത്യയിലുടനീളം ഞായറാഴ്ച ഒരു ദിവസത്തെ ദുഃഖാചരണം ആചരിക്കാൻ സർക്കാർ തീരുമാനിച്ചു.ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ വിയോഗത്തെക്കുറിച്ച് അറിയുന്നതിൽ ദുഃഖമുണ്ടെന്നും കുവൈത്തിലെ രാജകുടുംബത്തോടും നേതൃത്വത്തോടും ജനങ്ങളോടും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി തന്‍റെ എക്‌സ് അക്കൗണ്ടിൽ (മുൻപ് ട്വിറ്റർ) കുറിച്ചു.
പതിവായി ഉയർത്തിക്കെട്ടാറുള്ള എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ഇന്ന് ഔദ്യോഗിക വിനോദം ഉണ്ടായിരിക്കില്ലെന്നും ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ കൂടാതെ, യുഎഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഇറാഖ്, പാക്കിസ്ഥാൻ, ഇറാൻ, ലബനൻ, ഈജിപ്ത്, കൊസോവോ, സെർബിയ, മാലിദ്വീപ്, ലത് വിയ എന്നീ രാജ്യങ്ങളിലും ഔദ്യോഗിക ദുഃഖാചരണം നടക്കുന്നു.