ഇതുവരെ നട്ടത് 4.4 കോടി കണ്ടൽ; തടഞ്ഞത് 2.33 ലക്ഷം ടൺ കാർബൺ മലിനീകരണം
Mail This Article
അബുദാബി ∙ ഭൂമിക്ക് കുളിരുപകരാൻ അബുദാബി 4.4 കോടി കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. പ്രകൃതിക്കു കുടചൂടിയതിലൂടെ 2.33 ലക്ഷം ടൺ കാർബൺ മലിനീകരണവും തടയാനായി. ഭരണാധികാരിയുടെ അൽദഫ്ര മേഖലാ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം പരിസ്ഥിതി ഏജൻസിയാണ് പദ്ധതിക്കു ചുക്കാൻ പിടിക്കുന്നത്. 2020ൽ ആരംഭിച്ച കണ്ടൽ നടീൽ ഇതിനകം 4.4 കോടി പിന്നിട്ടു. അബുദാബി നഗരസഭ, ഗതാഗത വിഭാഗം, ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് എന്നിവയുടെ സഹകരണവുമുണ്ട്.
2 വർഷത്തിനകം 2.3 കോടി കണ്ടൽ ചെടികൾ നട്ടു. 7 വർഷത്തിനകം 10 കോടി ചെടികൾ നടുകയാണ് ലക്ഷ്യം. യുഎഇയുടെ നെറ്റ് സീറോ 205യുടെ ലക്ഷ്യത്തിനു കരുത്തുപകരുന്നതാണ് പദ്ധതി. കാർബൺ ബഹിർഗമനം തടയാൻ കണ്ടൽച്ചെടികൾ യുഎഇയിൽ വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്.
ജൈവ വൈവിധ്യം മെച്ചപ്പെടുത്തുക, വന്യജീവികൾക്ക് സുരക്ഷിത ആവാസ വ്യവസ്ഥ ഒരുക്കുക, കാർബൺ മലിനീകരണം കുറയ്ക്കുക, ശുദ്ധവായു ഉറപ്പാക്കുക, ജലപാതകളിലും തീരങ്ങളിലും മണ്ണൊലിപ്പ് തടയുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. തണ്ണീർത്തട മേഖലകളുടെ സംരക്ഷണത്തോടൊപ്പം പുതിയ ജലസംഭരണ കേന്ദ്രത്തിന്റെ പിറവിക്കും ഇതു കാരണമാകും. ഇതുവഴി ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു.