സ്ത്രീകളെ അപമാനിച്ച ടിക് ടോക്കർക്ക് വൻ തുക പിഴയിട്ട് സൗദി
Mail This Article
റിയാദ് ∙ സൗദിയില്‍ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി മന്ത്രാലയം. സ്ത്രീകളെ അപമാനിച്ച ടിക് ടോക്കർക്ക് വൻ തുക പിഴയിട്ട് ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ. കുടുംബ ബന്ധങ്ങളെ പരിഹസിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുകയും കുറ്റം ആവർത്തിക്കുകയും ചെയ്ത ടിക് ടോക്കർക്ക് രണ്ടു ലക്ഷം റിയാലാണ് പിഴയിട്ടിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള വാക്കോ ആംഗ്യമോ കൊണ്ട് അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന താക്കീതുമായാണ് സൗദി ആഭ്യന്തര മന്ത്രാലയം നിയമം കടുപ്പിച്ചിട്ടുള്ളത്. കൂടാതെ പൊതു – സ്വകാര്യ ഇടങ്ങളില്‍ സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നാണ് രാജ്യ നിയമം.കയ്യറ്റേം ചെയ്യുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സമൂഹ മാധ്യമങ്ങള്‍ വഴി മോശം കമന്റുകള്‍ ഇടുക, മോശമായ ആംഗ്യങ്ങളും ചിഹ്നങ്ങളും കാണിക്കുക എന്നിവയ്ക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. സമൂഹ മാധ്യമങ്ങളില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും അനുഭവിക്കേണ്ടി വരുമെന്ന് സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സമൂഹ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബ്രോഡ്കാസ്റ്റിങ് അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളും നിയമങ്ങളും ലംഘിക്കുന്നവര്‍ക്കാണ് കടുത്ത ശിക്ഷ നേരിടേണ്ടി വരിക. വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുക, ഭരണാധികാരികളെയും രാജ്യ നിയമങ്ങളെയും കുറ്റപ്പെടുത്തുക, രാഷ്ട്രത്തെയും ചിഹ്നങ്ങളെയും അപമാനിക്കുക തുടങ്ങിയവക്ക് കാരണമാകുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും പങ്കു വയ്ക്കുന്നതും ശിക്ഷാര്‍ഹമായി പരിഗണിക്കും. ഇത്തരക്കാര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴയും ആറ് മാസത്തെ ജയില്‍ വാസവും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിക്കും വിധേയമാക്കും.