അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്ന രാജ്യാന്തര കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജിഡിആർഎഫ്എ
Mail This Article
ദുബായ് ∙ യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്ന രാജ്യാന്തര ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
ലോജിസ്റ്റിക്സ് ഏകോപിപ്പിക്കുന്ന സംഘത്തിലെ ഒരാൾ രാജ്യത്തായിരുന്നപ്പോൾ നിരീക്ഷണത്തിലായിരുന്നു. രാജ്യത്തെ ഒരു വിമാനത്താവളം വഴി അനധികൃത കുടിയേറ്റ പദ്ധതിക്ക് സൗകര്യമൊരുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം വ്യക്തമായി. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഒരു സംയുക്ത ടീമിന് രൂപം നൽകുകയും ചെയ്തു.
സംശയം തോന്നിയ സംഘം ഹോട്ടലിൽ എത്തിയതു മുതൽ പുറപ്പെടുന്നതു വരെ അധികൃതരുടെ കർശന നിരീക്ഷണത്തിലായിരുന്നു. വിമാനത്താവളത്തിലെ ഇവരുടെ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു. നിരീക്ഷണത്തിൽ അനധികൃത കുടിയേറ്റ പ്രവർത്തനവുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം അധികൃതർ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് അനധികൃത കുടിയേറ്റ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുറ്റവാളികളെ അറസ്റ്റ് ചെയ്തത്.
കൂട്ടായ ശ്രമത്തിന്റെ ഫലമായി എല്ലാ സംഘാംഗങ്ങളെയും പെട്ടെന്ന് അറസ്റ്റ് ചെയ്തുവെന്ന് ജിഡിആർഎഫ്എ വെളിപ്പെടുത്തി. തുടർന്ന് അവരെ അബുദാബിയിലെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.സുരക്ഷ ഉറപ്പാക്കുന്നതിനാണ് ജിഡിആർഎഫ്എ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അനധികൃത കുടിയേറ്റം പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ, ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി.