ADVERTISEMENT

ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ  ഖത്തറിലെയും അയൽ രാജ്യങ്ങളിലെയും ഫുട്ബോൾ ആരാധകരിൽ കളിയാവേശം പകരാൻ ലക്ഷ്യമിട്ടുള്ള 10 ദിവസത്തെ സെലിബ്രേഷൻ ടൂറിന് ഇന്ന് തുടക്കമാകും. ഖത്തറിന് പുറമെ സൗദി, യുഎഇ രാജ്യങ്ങളിലും ടൂർണമെന്റ് ട്രോഫിയും ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങളും പര്യടനം നടത്തും.  ഈ മാസം 31 വരെയാണ് പര്യടനം. സെലിബ്രേഷൻ ടൂറിന്റെ ഭാഗമായി ഖത്തറിലും സൗദിയിലും യുഎഇയിലും പ്രത്യേക ബൂത്തുകൾ സജ്ജമാക്കി. ബൂത്തുകൾ സന്ദർശിക്കുന്ന ആരാധകർക്ക് ടൂർണമെന്റിന്റെ വിശദ വിവരങ്ങൾ അറിയാൻ കഴിയും. ജേതാക്കൾക്കുള്ള ട്രോഫിക്കും ഭാഗ്യചിഹ്നങ്ങൾക്കുമൊപ്പം ചിത്രങ്ങളുമെടുക്കാം. ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളായ സബൂഗ്, തംബ്കി, ഫ്രേഹ, സ്‌ക്രിതി, ത്രനേഹ് എന്നിവർ വേദിയിലെത്തി ആരാധകരുമായി സംവദിക്കും.

സന്ദർശകർക്കായി എല്ലാ ബൂത്തുകളിലും ആകർഷകമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. റോഡ്‌ഷോയുടെ കൂടുതൽ വിവരങ്ങൾ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പ്രഖ്യാപിക്കും. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഖത്തറിലെ 9 സ്റ്റേഡിയങ്ങളിലായി 24 ടീമുകൾ മാറ്റുരയ്ക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ്. ടൂർണമെന്റിന്റെ മൂന്നാം ഘട്ട ടിക്കറ്റ് വിൽപനയും ആരംഭിച്ചു.

പര്യടന വേദികൾ

 ∙ ഖത്തർ മാൾ ഓഫ് ഖത്തർ, സിറ്റി സെന്റർ

 ∙ സൗദി അറേബ്യ ബൊളെവാർഡ് റിയാദ്സി റ്റി, മാൾ ഓഫ് ദഹ്‌റൻ

 ∙ യുഎഇ ഗ്ലോബൽ വില്ലേജ്, ദുബായ്, റീം മാൾ അബുദാബി.

ഫൈനലിനുള്ള പന്ത് റെഡി

ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തറിന്റെ ഫൈനൽ മത്സരത്തിനുള്ള ഔദ്യോഗിക പന്ത് 'വോർടെക്‌സ് എസി 23 പ്ലസ്' പുറത്തിറക്കി.

വോർടെക്‌സ് എസി 23 പ്ലസ്‌
വോർടെക്‌സ് എസി 23 പ്ലസ്‌

ക്വാലലംപുരിൽ നടന്ന ചടങ്ങിൽ എഎഫ്‌സിയും കെൽമിയും ചേർന്നാണ് പന്ത് പുറത്തിറക്കിയത്. ഫെബ്രുവരി 10ന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ വൻകരയുടെ പോരാട്ടം. ഗ്രൂപ്പ് ഘട്ടം മുതൽ സെമി വരെയുള്ള മത്സരങ്ങൾക്കുള്ള പന്ത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പുറത്തിറക്കിയത്. സ്വർണ നിറത്തിലാണ് പന്ത് നിർമിച്ചിരിക്കുന്നത്. ദേശീയ നിറമായ മെറൂണുമായി സംയോജിപ്പിച്ചു കൊണ്ടുള്ള ഡിസൈൻ ടൂർണമെന്റിന്റെ ഫൈനലിലെ സുപ്രധാന നിമിഷങ്ങളിലെ മത്സരാവേശമാണ് പ്രതിഫലിപ്പിക്കുന്നത്. സ്വർണ നിറത്തിന് നൽകിയിരിക്കുന്ന ആധിപത്യം എഎഫ്‌സി ഏഷ്യൻ കപ്പ് ടൈറ്റിൽ സ്വന്തമാക്കുന്നതിനെയാണ് പ്രതിനിധീകരിക്കുന്നത്.

English Summary:

AFC Asian Cup Celebration Tour From Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com