ഖത്തർ കാഴ്ചകളിലേക്ക് കന്നിയാത്ര നടത്തി നോർവീജിയൻ ഡോൺ
Mail This Article
ദോഹ ∙ രാജ്യത്തിന്റെ കപ്പൽ ടൂറിസം സീസൺ ഉഷാർ. ആയിരത്തിലധികം സഞ്ചാരികളുമായി നോർവീജിയൻ ഡോണും ദോഹ തുറമുഖത്ത് നങ്കൂരമിട്ടു.
നോർവീജിയൻ ഡോണിന്റെ ഗൾഫ് മേഖലയിലേക്കുള്ള ആദ്യ യാത്രയാണിത്. 1,347 സഞ്ചാരികളും 1,021 ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഖത്തറിന്റെ കാഴ്ചയിലേക്ക് യാത്രക്കാരെ ഇറക്കിയ കപ്പൽ ഇനി ദോഹയിൽ നിന്ന് ഗൾഫ് മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 7 ദിവസത്തെ യാത്രയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ദോഹയിൽ നിന്നുള്ള 1,900 സഞ്ചാരികളുമായിട്ടാണ് യാത്ര.
ഫ്ലോറിഡയിലെ മിയാമി ആസ്ഥാനമായുള്ള നോർവീജിയൻ ക്രൂസ് ലൈനിന്റെ സബ്‌സിഡിയറിയാണ് നോർവീജിയൻ ഡോൺ. 2,340 യാത്രക്കാരെയും 1,032 ജീവനക്കാരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് കപ്പൽ. 15 ഡക്കുകളോടു കൂടിയ അത്യാധുനിക സൗകര്യങ്ങൾ കപ്പലിലുണ്ട്. ഇക്കഴിഞ്ഞ ഒക്‌ടോബർ 28നാണ് 2023-2024 കപ്പൽ ടൂറിസം സീസണിന് തുടക്കമായത്. ഏപ്രിൽ 25 വരെ നീളുന്ന സീസണിലേക്ക് മൂന്നര ലക്ഷം സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 81 ആഡംബര കപ്പലുകളാണ് ഏപ്രിൽ വരെ ദോഹയിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നതും. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ, ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് തുടങ്ങി സഞ്ചാരികൾക്ക് ഇനിയുമേറെ കാഴ്ചകളും ദോഹയിൽ കാത്തിരിക്കുന്നുണ്ട്.