ക്രിസ്മസ് ആഘോഷത്തിനായി മഞ്ഞുഗ്രാമം ഒരുക്കി മരുഭൂമി; പ്രത്യേക വിഭവങ്ങളുമായി ഹോട്ടലുകളും
Mail This Article
അബുദാബി ∙ ജിംഗിൾ ബെൽസിന്റെ ഈണവും സാന്താക്ലോസിന്റെ വർണവുമായി ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ.എങ്ങും ക്രിസ്മസ് ട്രീകളും ഉയർന്നു. പ്രകാശം പരത്തി നക്ഷത്രങ്ങളും വർണവെളിച്ചവും. ആദായ വിൽപനകളുമായി ഷോപ്പിങ് മാളുകളും ചെറുകിട ഷോപ്പുകളും ഉഷാറായി. ഏറെ നാളുകൾക്കുശേഷം ഉറ്റവരോടൊത്ത് ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലേക്കു പോകുന്നവരും ഷോപ്പിങ്ങിന്റെ തിരക്കിലാണ്.
ക്രൈസ്തവ ദേവാലയങ്ങൾ മുതൽ കച്ചവട സ്ഥാപനങ്ങളും വീടുകളും വരെ വർണദീപങ്ങളും ക്രിസ്മസ് ട്രീയും പുൽക്കൂടുമൊരുക്കി അലങ്കരിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് വിപുലമായി ആഘോഷമാണ് ഒരുക്കുന്നത്. വാരാന്ത്യ അവധി തുടങ്ങുന്ന നാളെ വൈകിട്ടോടെ ആഘോഷങ്ങൾക്കും തുടക്കമാകും. നാട്ടിൽ പോകാൻ സാധിക്കാത്തവർ സഹപ്രവർത്തകർക്കൊപ്പം ക്രിസ്മസ് ആഘോഷമാക്കാനുള്ള ഒരുക്കവും തുടങ്ങി. പ്രവൃത്തി ദിനമായ തിങ്കളാഴ്ചയാണ് ക്രിസ്മസ് എത്തുന്നതെങ്കിലും ഞായറാഴ്ച ആഘോഷം തുടങ്ങും. പരിമിതികൾക്കിടയിലും പരമ്പരാഗത മാതൃകയിൽ പുൽക്കൂടൊരുക്കി പ്രത്യാശയുടെ ക്രിസ്മസിനായി കാത്തിരിക്കുകയാണ് പ്രവാസി കുടുംബങ്ങൾ.
∙ മഞ്ഞുഗ്രാമം മുതൽ ഒറിജിനൽ ക്രിസ്മസ് ട്രീകൾ വരെ
കൂറ്റൻ ക്രിസ്മസ് ട്രീയും നൃത്തം ചെയ്യുന്ന സാന്താക്ലോസുമെല്ലാം സ്ഥാപിച്ചാണ് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് മഞ്ഞുഗ്രാമം ഒരുക്കിയ ഷോപ്പിങ് മാളുകളും ഏറെ. വീടുകൾ അലങ്കരിക്കുന്നതിനുള്ള ട്രീ, ലൈറ്റ്, ബോൾ, സ്റ്റാർ, പുൽക്കൂടൊരുക്കാനുള്ള മറ്റു വസ്തുക്കൾ എന്നിവയെല്ലാം പാക്കറ്റായി നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. വസ്തുക്കളുടെ എണ്ണവും നിലവാരവും വലുപ്പവും അനുസരിച്ച് വിവിധ കടകളിൽനിന്ന് 50 മുതൽ 500 ദിർഹം വിലയുള്ള പാക്കറ്റുകൾ ലഭ്യമാണ്. പരിസ്ഥിതിക്ക് ഇണങ്ങിയ ചെറുതും വലുതുമായ അസ്സൽ ക്രിസ്മസ് ട്രീകളാണ് താരം. അമേരിക്ക, ഹോളണ്ട്, കാനഡ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ഫിർ മരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. മാസങ്ങളോളം കേടുകൂടാതെ നിൽക്കുമെന്നതാണ് ഇവയുടെ ആകർഷണം. സുഗന്ധവും ഈടുമുള്ള നോബിൾ ഫിർമരത്തിനാണ് ആവശ്യക്കാർ കൂടുതൽ, നോർഡ്മാൻ, ഫ്രൈസർ, ബൽസാം, ഗ്രാൻഡ് തുടങ്ങിയവയും വിപണിയിലുണ്ട്.
വിഭവങ്ങളുടെ നീണ്ടനിര; പ്രത്യേക പാക്കേജുമായി ഹോട്ടലുകളും
നാടിന്റെ രുചിയും മണവുമുള്ള നസ്രാണി സദ്യയൊരുക്കി ഹോട്ടലുകളും രംഗത്തുണ്ട്. മുന്തിരിച്ചാറ്, കേക്ക്, കള്ളപ്പം, ചിക്കൻ കട്ട്‌ലറ്റ്, കൊണ്ടാട്ടം, കുത്തരിച്ചോറ് , ചിക്കൻ സ്റ്റൂ, മട്ടൻ പെരളൻ, കുട്ടനാട് താറാവ് കറി, ബീഫ് കോക്കനട്ട് ഫ്രൈ, നത്തോലി പീര, മീൻകറി, നെയ്മീൻ പൊരിച്ചത്. അവിയൽ, തോരൻ, പുളിശ്ശേരി, സാമ്പാർ, അട പായസം, പഴം, പപ്പടം തുടങ്ങി വിഭവസമൃദ്ധമായ സദ്യയ്ക്ക് 30 മുതൽ 50 ദിർഹം വരെയുണ്ട്. വിവിധ ഹോട്ടലുകൾ ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയ്ക്ക് പ്രത്യേക പാക്കേജും പുറത്തിറക്കിയിട്ടുണ്ട്.