സൗദി തുറമുഖങ്ങൾ വഴിയുള്ള ലഹരി മരുന്ന് കടത്ത് പരാജയപ്പെടുത്തി കസ്റ്റംസ് സംഘം
Mail This Article
ജിദ്ദ ∙ സൗദി അറേബ്യയിലെ അൽ ഹദീത, അൽ ബത്ത തുറമുഖങ്ങൾ വഴിയുള്ള ലഹരി മരുന്ന് കടത്ത് കസ്റ്റംസ് സംഘം പരാജയപ്പെടുത്തി.
117,000 ക്യാപ്റ്റഗൺ ഗുളികകളും 6,000 ഗ്രാമിലധികം 'ഷാബു'വും പിടിച്ചെടുത്തതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അറിയിച്ചു. അതിർത്തി കടന്ന് രാജ്യത്തേക്ക് എത്തിയ രണ്ട് ട്രക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. ഒരു ട്രക്കിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 117,210 ക്യാപ്റ്റഗൺ ഗുളികകളാണ് അൽ ഹദിത കസ്റ്റംസിൽ ആദ്യം പിടികൂടിയതെന്ന് അതോറിറ്റി വിശദീകരിച്ചു.
അൽ ബത്തയിൽ നടന്ന മറ്റൊരു സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ മറ്റൊരു ട്രക്കിൽ അഗ്നിശമന ഉപകരണത്തിനുള്ളിൽ 6,170 ഗ്രാം ഷാബു ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കള്ളക്കടത്ത് ശ്രമങ്ങള്‍ തടഞ്ഞ് സമൂഹ സുരക്ഷ വർധിപ്പിക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള നിർണായക പദ്ധതിയുടെ ഭാഗമാണിത്. സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് കള്ളക്കടത്ത് ചെറുക്കുന്നതിനുള്ള പൊതുജന സഹകരണം അതോറിറ്റി അഭ്യർഥിച്ചു. പ്രത്യേക സുരക്ഷാ നമ്പർ (1910), ഇമെയിൽ (1910@zatca.gov.sa), അല്ലെങ്കിൽ രാജ്യാന്തര നമ്പർ (+966 114208417) വഴി കള്ളക്കടത്ത് പ്രവർത്തനങ്ങൾ അറിയിക്കാം.