ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ കർഷകർക്ക് കൈത്താങ്ങാകുന്നതിനും ജൈവകൃഷി പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച ഫാർമേഴ്‌സ് മാർക്കറ്റ് വേനലിന്റെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി. ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ  പഴങ്ങളും പച്ചക്കറികളും കൂടാതെ പരമ്പരാഗത  കരകൗശല വസ്തുക്കളും, ഹോം മെയ്‌ഡ്‌ ഭക്ഷണ പലഹാരങ്ങളും അടക്കമുള്ള ഉൽപ്പന്നങ്ങൾ ഒരുക്കിയാണ് പുതിയയ മാർക്കറ്റ് ഒരുക്കിയിട്ടുള്ളത്.  ബഹ്‌റൈൻ  സന്ദർശകർക്കും താമസക്കാർക്കും  ബഹ്‌റൈൻ സംസ്കാരത്തിന്റെ സത്ത ആസ്വദിക്കാനു ള്ള അവസരം  കൂടി നൽകുന്നതാണ് ഈ മാർക്കറ്റ്.

bahrain-farmers-market

പരമ്പരാഗത കാർഷിക രീതികളുടെ നിലനിൽപ്പ് ഉറപ്പാക്കുന്ന ഫാർമേഴ്‌സ് മാർക്കറ്റ് ഒരു ഷോപ്പിങ് കേന്ദ്രം എന്നതിലുപരി പ്രാദേശിക കർഷകരുമായും കരകൗശല വിദഗ്ധരുമായും സന്ദർശകർക്ക് നേരിട്ട് ബന്ധപ്പെടാൻ അവസരം ഒരുക്കുന്ന ഇടം കൂടിയാണ്. ഉത്തരവാദിത്ത ഉപഭോഗത്തിന്റെ ഉദാത്ത മാതൃകയാണ് ഈ വിപണി. ബഹ്‌റൈനിൽ നിന്ന് മാത്രമല്ല അയൽ  രാജ്യങ്ങളായ സൗദി, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വാരാന്ത്യ സന്ദർശകർ പോലും ഫാർമേഴ്‌സ് മാർക്കറ്റിന്റെ ഉപഭോക്താക്കളാണ്.

bahrain-farmers-market
bahrain-farmers-market

ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് ഒരു സീസണൽ ഇവന്റ് എന്നതിലുപരിയായി; ബഹ്‌റൈന്റെ സമ്പന്നമായ കാർഷിക പൈതൃകത്തോടുള്ള ആദരവും  കൂടിയാണെന്ന് ഇവിടം സന്ദർശിക്കുന്ന ഓരോ ഉപഭോക്താക്കളും സാക്ഷ്യപ്പെടുത്തുന്നു.എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്  മാർക്കറ്റ് പ്രവർത്തിക്കുക. അടുത്ത മാർച്ച് വരെ വിപണി എല്ലാ ആഴ്ചയും തുടരും.

 ∙മാർക്കറ്റിങ്ങും ടൂറിസവും

ബഹ്‌റൈൻ ഉൽപന്നങ്ങളുടെയും ഭക്ഷ്യ ഉൽപ്പാദന വ്യവസായത്തിന്റെയും വിപണന പ്ലാറ്റ്‌ഫോമായി മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഒരു വിനോദ, വിനോദസഞ്ചാര സീസണായും ഈ ഫാർമേഴ്‌സ് മാർക്കറ്റ്  വേറിട്ടുനിൽക്കുന്നുവെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് മാധ്യമങ്ങളോട് പറഞ്ഞു.

bahrain-farmers-market
bahrain-farmers-market

ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് ആയിരക്കണക്കിന് സന്ദർശകരാണ് ഈ ആഴ്ച മാത്രം എത്തിയിരുന്നത്. കർഷകർക്കും കരകൗശല വിദഗ്ധർക്കും  അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള സുപ്രധാന വേദിയാണ് ഈ വിപണിയെന്ന് മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയവും അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്‌സസ് അണ്ടർ സെക്രട്ടറിയുമായ ഡോ. ഖാലിദ് അഹമ്മദ് ഹസ്സൻ പറഞ്ഞു.

bahrain-farmers-market

നാല് കാർഷിക കമ്പനികൾ, നാല് നഴ്‌സറികൾ, 15 ചെറുകിട പ്രോജക്ടുകൾ,  കടകൾ  എന്നിവയ്‌ക്കൊപ്പം മുപ്പത്തിമൂന്ന് ബഹ്‌റൈനി കർഷകരും ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലെ മാർക്കറ്റിന്റെ പതിനൊന്നാമത് എഡിഷനിൽ സജീവമായി പങ്കെടുക്കുന്നു. അഗ്രികൾച്ചറൽ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് മിർസ അൽ ഒറൈബിയാണ് ഇത്തവണത്തെ മാർക്കറ്റ് പൊതു സമൂഹത്തിനു മുന്നിൽ തുറന്നു കൊടുത്തത്.

bahrain-farmers-market

ഈ വർഷത്തെ ഫാർമേഴ്‌സ് മാർക്കറ്റിലെ ഭക്ഷണ ശാലാ കോർണറിൽ 16 ബഹ്‌റൈൻ റസ്റ്റോറന്റുകളുടെയും കഫേകളുടെയും സാന്നിധ്യം കൂടി ഉണ്ട്, ഇത് സന്ദർശകർക്ക്  രുചികളുടെ  വിപുലമായ ശ്രേണി  ഉറപ്പാക്കുന്നു. കൂടാതെ  പിക്‌നിക് ഏരിയകൾ ഉള്ളതിനാൽ,  മാതാപിതാക്കൾക്കൊപ്പമുള്ള കുട്ടികൾക്ക് ഷോപ്പിങ് സമയം വിനോദോപാധി കൂടിയായി മാറുന്നു.

bahrain-farmers-market

സന്ദർശകർക്ക് വിനോദാനുഭവങ്ങൾ പ്രദാനം ചെയ്യുക എന്ന  ലക്ഷ്യത്തോടെ  ഫാർമേഴ്‌സ് മാർക്കറ്റിന്റെ വാർഷിക  സമ്മേളനത്തിനായി സംഘാടക സമിതി നിരവധി പരിപാടികളും  തയാറാക്കിയിട്ടുള്ളതായി സംഘാടകർ പറഞ്ഞു.

 ∙ മൺകലനിർമാണവും നെയ്ത്തും കൗതുകമായി

bahrain-farmers-market

ബഹ്റിന്റെ പാരമ്പര്യ കൈത്തൊഴിലായ മൺപാത്ര നിർമാണവും  കൈത്തറി വസ്ത്രങ്ങളുടെ നിർമാണവും പ്രവാസി വിദ്യാർഥികൾക്ക് പോലും കൗതുകമായി. നാട്ടിൽ പോലും അന്യം നിന്ന് കൊണ്ടിരിക്കുന്ന ഇത്തരം കൈത്തൊഴിലുകൾ പ്രവാസി വിദ്യാർഥികൾക്ക് നേരിട്ട് കാണാനുള്ള ഒരു അവസരം കൂടിയായി മാറി ഫാർമേഴ്‌സ് മാർക്കറ്റ്.

bahrain-farmers-market

കുട്ടികൾക്ക് ഈ കൈത്തൊഴിലുകൾ  പരിചയപ്പെടുത്താനും അവരെ നിർമാണ രീതികൾ അഭ്യസിപ്പിക്കാനും പാരമ്പര്യ തൊഴിലാളികൾ സമയം കണ്ടെത്തുന്നതും ഈ മാർക്കറ്റിലെ പ്രധാന കാഴ്ചയാണ്.

bahrain-farmers-market
English Summary:

Bahrain Farmers Market back again. Expatriates to buy Organic Vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com