ബാപ്സ് ഹിന്ദു മന്ദിർ സമർപ്പണത്തിന് മോദി; യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ക്ഷേത്രം
Mail This Article
അബുദാബി ∙ അക്ഷർധാം മാതൃകയിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രം (ബാപ്സ് ഹിന്ദു മന്ദിർ) 2024 ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ വിഗ്രഹ പ്രതിഷ്ഠ. വൈകിട്ട് നടക്കുന്ന സമർപ്പണ ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ബാപ്സ് സ്വാമിനാരായണൻ സൻസ്ത അറിയിച്ചു. പൊതുജനങ്ങൾക്കുള്ള പ്രവേശനം 18 മുതൽ.
അബുദാബി–ദുബായ് പ്രധാന ഹൈവേയ്ക്കു സമീപം അബുമുറൈഖയിലാണ് യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ക്ഷേത്രം നിർമിക്കുന്നത്. പിങ്ക്, വെള്ള മാർബിളിൽ കൈകൊണ്ട് കൊത്തിയെടുത്ത ശിൽപങ്ങൾ ചേർത്തുവച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുംവിധം 7 കൂറ്റൻ ഗോപുരങ്ങൾ. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്ന് 2000 ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളിൽ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക ചരിത്രവും നാഗരികതയും സമ്മേളിക്കുന്നു. അറബിക് മേഖല, ചൈനീസ്, ആസ്ടെക്, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിൽ നിന്നുള്ള 14 കഥകളും ശിലാഫലകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്ന രണ്ട് ജലധാരകളും സരസ്വതി നദിയെ പ്രതിനിധീകരിക്കുന്ന ഒരു പ്രകാശ കിരണവും ഉണ്ട്. 3 പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിൽ സന്ദർശന കേന്ദ്രം, പ്രാർഥനാ ഹാളുകൾ, ലൈബ്രറി, ക്ലാസ് റൂം, കമ്യൂണിറ്റി സെന്റർ, മജ്‌ലിസ്, ആംഫി തിയേറ്റർ, കളിസ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, പുസ്തകങ്ങൾ, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോർട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2018ലാണ് നിർമാണം ആരംഭിച്ചത്.