ADVERTISEMENT

മനാമ ∙ ബഹ്‌റൈനിലെ യുവാക്കൾക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഡെലിവറി തൊഴിൽ മേഖല.കോവിഡ് കാലത്ത് സജീവമായ ഈ മേഖല  യുവാക്കൾക്കിടയിൽ ഒരു പരിധി വരെ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നുണ്ട്. നിർമാണ മേഖലയിൽ ഉണ്ടായിരുന്ന വലിയൊരു വിഭാഗം യുവാക്കളും ഇപ്പോൾ  ഡെലിവറി തൊഴിൽ മേഖലയിലേക്ക് ചേക്കേറിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ ടൂ വീലർ ലൈസൻസിന് വേണ്ടി നിരവധി പേരാണ്  ദിവസേന  ഗതാഗത വകുപ്പിൽ  അപേക്ഷകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. തുടക്കത്തിൽ റസ്റ്ററന്റ് മേഖലയിൽ മാത്രമാണ് ഡെലിവറി സമ്പ്രദായം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നിത്യോപയോഗ സാധനങ്ങൾ മുതൽ മരുന്നുകൾ വാങ്ങാൻ വരെ ഡെലിവറി ആപ്പുകളെ ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. 

ചില റസ്റ്ററന്റുകൾക്ക്  സ്വന്തമായി ഡെലിവറി തൊഴിലാളികൾ ഉണ്ടെങ്കിലും ഇടത്തരം റസ്റ്ററന്റുകൾ മുതൽ മുന്തിയ ഭക്ഷണ ശാലകൾ വരെ ഇപ്പോൾ ഡെലിവറി കമ്പനികളുമായി കരാറുകളിൽ ഏർപ്പെടുന്നുണ്ട്. ബഹ്‌റൈനിൽ  'തലാബാത്ത്‌' തന്നെയാണ് ഈ മേഖലയിൽ കൂടുതലും സേവനം നൽകുന്നത്. ജഹസ്, അൽ സീം, സൊമാറ്റോ, ടു യു, ഡൈൻ ഇൻ, നോട്ട് ലാബ്  എന്നിങ്ങനെ ആപ്ലിക്കേഷനുകളിലൂടെ ഈ മേഖലയിൽ സാന്നിധ്യമായ രാജ്യാന്തര കമ്പനികളെ കൂടാതെ സ്വന്തമായി ഡെലിവറി സിസ്റ്റം ഉള്ള പിസ ഹട്ട്, ജാസ്മിസ്  തുടങ്ങി നിരവധി ബ്രാൻഡഡ് കമ്പനികളും ഈ രംഗത്തെ  തൊഴിൽ ദാതാക്കളാണ്. ഇപ്പോൾ വാഹനങ്ങളുടെ  സ്പെയർ പാർട്സുകൾ മുതൽ  ഉപ്പും മുളകും വരെ വാങ്ങാൻ ഡെലിവറി ബോയ്‌സിനെ ആശ്രയിക്കുന്നവർ നിരവധിയാണ്.

 ടൂ വീലർ ലൈസൻസിന് വേണ്ടി നിരവധി പേരാണ്  ദിവസേന  ഗതാഗത വകുപ്പിൽ  അപേക്ഷകളുമായി എത്തുന്നത്. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ടൂ വീലർ ലൈസൻസിന് വേണ്ടി നിരവധി പേരാണ്  ദിവസേന  ഗതാഗത വകുപ്പിൽ  അപേക്ഷകളുമായി എത്തുന്നത്. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി

വേഗത പ്രധാനം 

ഡെലിവറി മേഖലയിൽ ഏറ്റവും പ്രധാനം വേഗത തന്നെയാണ്. അത് കൊണ്ട് തന്നെ ചുറുചുറുക്കുള്ള യുവാക്കളെയാണ് ഈ ജോലിക്ക് കൂടുതൽ കമ്പനികളും പരിഗണിക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യത്തിൽ മധ്യവയസ്കരും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.  അത്തരം ആളുകൾ കൂടുതലും കാറുകളിൽ ആണ് ഡെലിവറി നടത്താൻ പോകുന്നത്. പല സ്‌ഥലങ്ങളിലും പാർക്കിങ് ലഭ്യമല്ലാത്തത് കാരണം ബൈക്ക് ഓടിക്കുന്നവർക്ക് തന്നെയാണ് ഈ മേഖലയിൽ മുന്തിയ പരിഗണനയും വരുമാനവറും ലഭിക്കുന്നത്.

food-delivery-bahrain
ഡെലിവറി മേഖലയിൽ ഏറ്റവും പ്രധാനം വേഗതയാണ്.. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി

ആകർഷണം ടിപ്‌സ്,കമ്മീഷൻ പിറകെ 

ഓരോ ഡെലിവറിക്കും ലഭിക്കുന്ന കമ്മീഷന് പുറമെ ചില ഉപഭോക്താക്കൾ നൽകുന്ന 'ടിപ്‌സ് ' കൂടി ജോലിയിൽ നിന്ന് ലഭിക്കും  എന്നുള്ളതാണ്  ഈ മേഖലയിലേക്ക് കൂടുതൽ ആളുകളെ  ആകർഷിക്കുന്നത്.കൂടുതൽ അദ്ധ്വാനിച്ചാൽ കൂടുതൽ പണം ഉണ്ടാക്കാമെന്നതും ജോലിയിൽ ഉള്ള സ്വാതന്ത്ര്യവുമാണ് ഈ ഒരു മേഖല തിരഞ്ഞെടുക്കാൻ കാരണമെന്നു മലയാളി യുവാവ് പറഞ്ഞു. മുൻപ് നിർമാണ മേഖലയിൽ ജോലി  ചെയ്തിരുന്നപ്പോൾ ലഭിച്ചിരുന്ന വരുമാനത്തേക്കാൾ കൂടുതൽ പണം ഇതിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷണം തന്നെയാണ് കൂടുതലും ഡെലിവറി ഓർഡർ വരുന്നതെന്നും എന്നാൽ ഭക്ഷണം അൽപ്പം വൈകുമ്പോൾ ഉപഭോക്താക്കളുടെ വിധം മാറുന്ന അവസരങ്ങൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ∙ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് ക്ഷാമം 

 ഡെലിവറി മേഖല സജീവമായതോടെ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളതും ക്ഷാമം നേരിടുന്നതും  വില ഉയർന്നതും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കാണ്. പഴയ  മോട്ടോർ ബൈക്കുകൾക്കാണ് വലിയ ഡിമാൻഡ്. ഈ തൊഴിലിൽ പ്രവേശിക്കുന്നവർ തുടക്കക്കാർ പലരും പുതിയ ബൈക്കുകൾ വാങ്ങുന്നില്ല എന്നത് തന്നെയാണ് ബൈക്കുകൾക്ക് ക്ഷാമം നേരിടുന്നതിന് കാരണമായി പറയുന്നത്. അത് പോലെ തന്നെ പഴയ കാറുകളും ഏറ്റവും കൂടുതൽ വിറ്റു  പോകുന്നത് ഡെലിവറി ആവശ്യത്തിന് വേണ്ടിയാണെന്ന് ബുദയ്യ സെക്കൻഡ് ഹാൻഡ് കാർ ഷോ റൂം മാനേജർ പറഞ്ഞു. അധികം ഇന്ധനച്ചിലവില്ലാത്ത വാഹനങ്ങളാണ് ഇത്തരം ആളുകൾ നോക്കി വരുന്നത്.ഡെലിവറി മേഖലയിലേക്ക്  യുവാക്കളുടെ തള്ളിക്കയറ്റം ഉണ്ടായതോടെ സെക്കൻഡ് ഹാൻഡ് വാഹന വിപണിയിൽ വലിയ മാറ്റം ഉണ്ടായിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.ബഹ്‌റൈനിൽ സ്വന്തമായി  ഫ്ലെക്സി വീസ എടുത്താൽ ഡെലിവറി മേഖലയിൽ ജോലി ചെയ്യാമെന്നത് കൂടിയാണ് ഈ തൊഴിലിൽ ഏർപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിന് കാരണമായ മറ്റൊരു ഘടകം .

English Summary:

Delivery jobs boom in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com