യുഎഇ 2024: പുതുശീലങ്ങൾ, പുതുനിയമങ്ങൾ; പുതുവർഷത്തിൽ രാജ്യത്തുണ്ടാകാൻ പോകുന്ന പ്രധാന മാറ്റങ്ങൾ
Mail This Article
പുതിയ വർഷം മാറ്റങ്ങളുടേത് കൂടിയാണ്. പതിവുകളിലും ശീലങ്ങളിലും നിയമങ്ങളിലും യുഎഇയിൽ മാറ്റങ്ങളുടെ വർഷമാണ് 2024. രാജ്യത്തുണ്ടാകാൻ പോകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്
പ്ലാസ്റ്റിക് ഒഴിവാകും
∙ പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകളെ വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കിയാകും പുതുവർഷം തുടങ്ങുക.
പുതിയ വിമാന സർവീസ്
∙ ഇത്തിഹാദ് എയർവേയ്സ് കോവിഡ് കാലത്ത് നിർത്തിവച്ച അബുദാബി–കോഴിക്കോട്, അബുദാബി–തിരുവനന്തപുരം സർവീസ് പുനരാരംഭിക്കും.
സ്വദേശിവൽക്കരണം
∙ രാജ്യം രണ്ടാം ഘട്ട സ്വദേശിവൽക്കരണത്തിലേക്കു കടക്കും. 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ ഈ വർഷം മുതൽ ഒരു സ്വദേശിയെ നിയമിക്കണം.
∙ ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം.
∙ നിലവിൽ 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനിയിൽ 2022 മുതൽ വർഷത്തിൽ 2% സ്വദേശിവൽക്കരണം ആരംഭിച്ചിരുന്നു. 5 വർഷംകൊണ്ട് ഇത് 10% ആക്കും.
∙ സ്വകാര്യ സ്കൂളുകളിൽ ഈ വർഷം മുതൽ സ്വദേശിവൽക്കരണം നിർബന്ധം.
ബഹിരാകാശത്തേക്ക് വനിതാ സഞ്ചാരി
∙ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്തേക്ക് ഒരു വനിതാ സഞ്ചാരിയെ അയയ്ക്കാൻ ഒരുങ്ങുന്നു. നൂറ അൽ മത്റൂഷിയാണ് ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്.
എംബിസെഡ് സാറ്റ് ഉപഗ്രഹം
∙ അറബ് ലോകത്തെ ഏറ്റവും ശക്തമായ എംബിസെഡ് സാറ്റ് ഉപഗ്രഹം ഈ വർഷം ഭ്രമണപഥം തേടും
∙ 100% സ്വദേശി ശാസ്ത്രജ്ഞർ പ്രാദേശികമായി വികസിപ്പിച്ച ബഹിരാകാശ റോവർ ചന്ദ്രനിലേക്ക് കുതിക്കും.
∙ ഭൗമനിരീക്ഷണത്തിന് മേഖലയിലെ ഏറ്റവും ശക്തമായ ഇമേജിങ് ഉപഗ്രഹം വിക്ഷേപിക്കും.
ഓട്ടണമസ് റേസിങ് ലീഗ്
∙ ലോകത്തിലെ ഏറ്റവും വലിയ ഓട്ടണമസ് റേസിങ് ലീഗിന് അബുദാബി ആതിഥ്യം വഹിക്കും.
ലോക ഇസ്‌ലാമിക് സാമ്പത്തിക ഫോറം
∙ സാമ്പത്തിക രംഗത്തെ പുതിയ സംഭവ വികാസങ്ങളും പ്രവണതകളും ചർച്ച ചെയ്യുന്ന ലോക ഇസ്‌ലാമിക് സാമ്പത്തിക ഫോറം അബുദാബിയിൽ നടക്കും.
റെയിൽ പദ്ധതി
∙ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിൽ പാസഞ്ചർ സർവീസ് തുടങ്ങിയേക്കും.
∙ യുഎഇ–ഒമാൻ റെയിലിന്റെയും അബുദാബി നഗരത്തിലെ ട്രാം പദ്ധതിക്കും തുടക്കമിടും.
∙ അബുദാബി, ദുബായ്, ഷാർജ അൽഐൻ എന്നിവയെ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ സർവീസിന്റെ ഡിസൈനിങ് ജോലിയും ആരംഭിക്കും.
∙ അക്ഷർധാം മാതൃകയിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത മാതൃകയിലുള്ള ക്ഷേത്രം അബുദാബിയിൽ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.