ADVERTISEMENT

ദോഹ ∙ കഴിഞ്ഞ വർഷം ഖത്തറിന്റെ കാഴ്ചകളിലേക്ക് എത്തിയത് 40 ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസമാണ് കണക്കുകൾ പുറത്തുവിട്ടത്. വ്യോമ, കര, സമുദ്ര മാർഗം രാജ്യത്തേക്ക് എത്തിയവരുടെ കണക്കാണിത്. ടൂറിസത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകരുന്നതാണ് സന്ദർശകരുടെ വരവ്. സന്ദർശക വീസ നടപടികൾ ലളിതമാക്കിയതും വൈവിധ്യമായ ടൂറിസം, കായിക പരിപാടികളുടെ ആതിഥേയത്വവുമാണ് ആഗോള തലത്തിലുള്ള സന്ദർശകരെ ഖത്തറിലേക്ക് ആകർഷിക്കുന്നത്. 

ഫിഫ ലോകകപ്പിൽ ആരാധകർക്കായി ഏർപ്പെടുത്തിയ പ്രവേശന വീസയായ ഹയാ വീസകളുടെ കാലാവധി ഈ വർഷം ജനുവരി 24 വരെയായിരുന്നു ആദ്യം പ്രഖ്യാപിച്ചത് എന്നതിനാൽ കഴിഞ്ഞ വർഷം ലോകകപ്പ് ഹയയുടെ പ്രയോജനം നേടിയത് നിരവധി സന്ദർശകരാണ്. ഈ മാസം എഎഫ്‌സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാൽ ലോകകപ്പ് ഹയാ വീസകളുടെ കാലാവധി ഫെബ്രുവരി 24 വരെ വീണ്ടും നീട്ടിയതും ഇനിയും സന്ദർശകപ്രവാഹം വർധിപ്പിക്കും. 

കഴിഞ്ഞ വർഷത്തെ ഫോർമുല വൺ, ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ, ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനം, മോട്ടോ ജിപി തുടങ്ങിയ സുപ്രധാന ഇവന്റുകളിലേക്കും അയൽ രാജ്യങ്ങളിൽ നിന്നു മാത്രമല്ല ആഗോള തലത്തിൽ നിന്നും മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നിരവധി സന്ദർശകരാണ് എത്തിയത്. ഒക്‌ടോബർ 2 മുതൽ രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമായ ദോഹ എക്‌സ്‌പോ ആരംഭിച്ചതും സന്ദർശകരുടെ എണ്ണം കൂട്ടി.  20 ലക്ഷം പേരാണ് ഇതുവരെ ദോഹ എക്‌സ്‌പോ സന്ദർശിച്ചത്. രാജ്യത്തെ ജനങ്ങൾക്ക് പുറമേ സന്ദർശകരും 20 ലക്ഷത്തിൽ ഉൾപ്പെടും. 

നിലവിൽ കപ്പൽ ടൂറിസം സീസണും പുരോഗമിക്കുകയാണ്. ഏപ്രിൽ 25ന് അവസാനിക്കുന്ന സീസണിലേക്ക് 3 ലക്ഷം സന്ദർശകരെയാണ് ഖത്തർ ടൂറിസം പ്രതീക്ഷിക്കുന്നത്. 2024ലും സന്ദർശകരെ ആകർഷിക്കുന്നതിനായി ഖത്തർ ടൂറിസം അധികൃതർ വ്യത്യസ്ത ക്യാംപെയ്‌നുകളാണ് നടത്തി വരുന്നത്. ശൈത്യകാല കാഴ്ചകളിലേക്ക് 'ഹയാക്കും' ക്യാംപെയ്ൻ ഉൾപ്പെടെയുള്ളവ പുരോഗമിക്കുകയാണ്. ഈ വർഷം 80 പുതിയ ഇവന്റുകൾ ഉൾപ്പെടെ നൂറിലധികം സാംസ്‌കാരിക, കായിക, വിനോദ പരിപാടികൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത് എന്നതിനാൽ ഈ വർഷവും സന്ദർശകരുടെ എണ്ണം വർധിക്കും.

English Summary:

Qatar Tourism: Four million visitors came to Qatar in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com