ആകാശ ദൃശ്യങ്ങൾ, വെടിക്കെട്ട്, ലേസർ ഷോ ; പുതുവൽസരാഘോഷത്തിൽ 4 ലോക റെക്കോർഡുകളുമായി അബുദാബി
Mail This Article
അബുദാബി∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ പുതുവൽസരാഘോഷത്തിന് 4 ലോക റെക്കോർഡുകൾ. 40 മിനിറ്റ് വെടിക്കെട്ട് 3 ഗിന്നസ് വേൾഡ് റെക്കോർഡുകൾ സൃഷ്ടിച്ചു. 5000 ഡ്രോണുകൾ ചേർന്ന് ആകാശത്ത് സൃഷ്ടിച്ച ദൃശ്യങ്ങളാണ് ലോക റെക്കോർഡ് സ്വന്തമാക്കിയ നാലാമത്തെ ഇനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് റെക്കോർഡ് പ്രകടനങ്ങൾ നടന്നത്. ലേസർ ഷോ, വിവിധ രാജ്യങ്ങളിലെ കലാകാരന്മാർ അണിനിരന്ന കലാസന്ധ്യ എന്നിവ പുതുവർഷ രാവിന് മോടി കൂട്ടി.
പരമ്പരാഗത ഇമറാത്തി നൃത്തത്തിനൊപ്പം ആഘോഷങ്ങൾ ഉഷാറാക്കാൻ കേരളത്തിന്റെ സ്വന്തം ചെണ്ടമേളവും സംഘാടകർ ഒരുക്കിയിരുന്നു. മേളക്കാർ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നഗരി വലം വച്ച് മേളം മുഴക്കി. ഇതിനു പുറമെ അമേരിക്കൻ, മെക്സിക്കൻ, യുക്രെയ്ൻ ബാൻഡുകളും പരിപാടികൾ അവതരിപ്പിച്ചു. മാർച്ച് 9ന് ഫെസ്റ്റിവൽ സമാപിക്കും. വൈകുന്നേരം 4 മുതൽ രാത്രി ഒന്നുവരെയാണ് ഫെസ്റ്റിവൽ സിറ്റിയിലേക്കുള്ള പ്രവേശനം.