ADVERTISEMENT

ദുബായ് ∙ സ്കൂളിനകത്തും പുറത്തും കുട്ടികളുടെ സുരക്ഷിതത്വം സ്കൂളുകളുടെ പരിപൂർണ ഉത്തരവാദിത്തമാക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ സമയം ആരംഭിക്കുന്നതിനു 45 മിനിറ്റ് മുൻപും അവസാനിച്ച് 90 മിനിറ്റ് വരെയും സ്കൂളുകളുടെ സുരക്ഷാ പരിധിയിലാണ് കുട്ടികൾ. ഇതിനുശേഷം രക്ഷിതാക്കൾക്കാണ് ഉത്തരവാദിത്തം. സ്കൂൾ സമയത്ത് മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലറിൽ പറയുന്നു. 

സ്കൂളിലേക്കുള്ള യാത്രയിലും തിരിച്ചും കുട്ടികൾക്ക് സംഭവിക്കുന്ന അപകടങ്ങൾ വിലയിരുത്തിയാണ് നിർദേശം. കുട്ടികൾ ശാരീരികമായോ മാനസികമായോ ഉപദ്രവം നേരിടാൻ പാടില്ല. വാക്കു കൊണ്ടു പോലും കുട്ടികളെ ഭയപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന സാഹചര്യം സ്കൂളുകൾ തടയണം. സുരക്ഷിത വിദ്യാഭ്യാസ സാഹചര്യം സ്കൂളുകളുടെ ഉത്തരവാദിത്തമാണ്. 

സ്കൂൾ ബസ് പ്രയോജനപ്പെടുത്തുന്ന കുട്ടികൾ വാഹനത്തിനുള്ളിലും പുറത്തും സുരക്ഷിതരായിരിക്കണം. ഇതിനാവശ്യമായ സംവിധാനങ്ങൾ ക്രമീകരിക്കേണ്ട ബാധ്യത സ്കൂളുകളുടേതാണ്. ഏതെങ്കിലും തരം അക്രമം റിപ്പോർട്ട് ചെയ്താൽ സമയനഷ്ടം കൂടാതെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതിപ്പെടണം. സ്കൂളിലെ പ്രധാനാധ്യാപകന് ഇതിൽ നിർണായക ഉത്തരവാദിത്തമുണ്ടെന്നും അധികൃതർ അറിയിച്ചു. 

പ്രധാനാധ്യാപകന് രക്ഷിതാവിന്റെ ചുമതലയുണ്ട്. കുട്ടികൾക്ക് എതിരായ സംഭവങ്ങൾ ഉണ്ടായാൽ സ്കൂൾ കൗൺസലറെയും രക്ഷിതാക്കളെയും മറ്റു സർക്കാർ സംവിധാനങ്ങളെയും അടിയന്തരമായി അറിയിക്കണം. കുട്ടികളോട് മോശമായി പെരുമാറിയാൽ സംഭവങ്ങളുടെ വിശദമായ റിപ്പോർട്ട് തയാറാക്കണം. അക്രമ, പീഡന സംഭവങ്ങളുണ്ടായാൽ വിവിധ കേന്ദ്രങ്ങളുമായി സഹകരിച്ചാകണം അന്വേഷണം പൂർത്തിയാക്കേണ്ടത്. സ്കൂൾ ഡയറക്ടർ ഇതിനു നേതൃത്വം നൽകണം. പരാതിയുണ്ടായാൽ 24 മണിക്കൂറിനു മുൻപ് അധികൃതരെ അറിയിക്കണമെന്നാണ് നിയമം. പ്രഥമ ശുശ്രൂഷ പരിശീലനം ലഭിച്ചവർ സ്കൂളിൽ ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. കെട്ടിടങ്ങളുടെ സുരക്ഷ, ഗതാഗതം, സ്കൂൾ പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ ആരോഗ്യം, പരിചരണം, അവരുടെ ക്ഷേമം എന്നിവയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷാ പരിധിയിൽ വരും.

English Summary:

Responsibility of schools: Department of school education to ensure safety of children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com