കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അൽ സബാഹ്; പ്രതീക്ഷയോടെ രാജ്യം
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അൽ സബാഹിനെ നിയമിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ദീർഘകാലം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയായിരുന്ന 69കാരൻ മുൻ കുവൈത്ത് അമീർ സബാഹ് സാലിമിന്റെ പുത്രനാണ്.
കലിഫോർണിയയിലെ ക്ലെയർമോണ്ട് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇക്കണോമിക്സ് ആൻഡ് മിഡിൽ ഈസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. 1979–1985 കാലഘട്ടങ്ങളിൽ കുവൈത്ത് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസർ, പ്രഫസർ പദവികൾ വഹിച്ചു. 1993ൽ അമേരിക്കയിലെ കുവൈത്ത് സ്ഥാനപതിയായി നിയമിതനായി. 2001 ഫെബ്രുവരി 14ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രിയായി നിയമിതനായി. 2003 ജുലൈ 14ന് വിദേശകാര്യത്തോടൊപ്പം സാമൂഹിക, തൊഴൽ മന്ത്രിയുമായി.
2006 ഫെബ്രുവരി 9ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി. 2006 ജൂലൈ, 2007 മാർച്ച്, 2007 ഒക്ടോബർ, 2008 മേയ് കാലങ്ങളിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലും സ്ഥാനം നിലനിർത്തി. 2009 ജനുവരി 12ന് ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവയ്ക്കു പുറമെ ആക്ടിങ് എണ്ണ മന്ത്രിയുമായി. ഇതേ വർഷം മേയിൽ ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രിയായി. 2011 മേയ് 8ന് ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിതനായ അദ്ദേഹം ഒക്ടോബർ വരെ ആ സ്ഥാനത്ത് തുടർന്നു. ദേശീയ, രാജ്യാന്തര വിഷയങ്ങളിൽ ഏറെ അവഗാഹവും വിദേശ രാജ്യങ്ങളുമായി അടുത്തിട പഴകിയ പരിചയവുമുള്ള ഡോ. മുഹമ്മദ് സബാഹ് പ്രധാനമന്ത്രിയായി വരുന്നത് പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.