പുതിയ കാഴ്ചകളുമായി അൽബിദ പാർക്ക്; പവിഴപ്പുറ്റുകളുടെ അക്വേറിയവുമായി 'സേവ് കോറൽ റീഫ്' പവിലിയൻ
Mail This Article
ദോഹ ∙ മനോഹരമായ പവിഴപ്പുറ്റുകളുടെ വൈവിധ്യതയും സമുദ്ര പരിസ്ഥിതിയും അടുത്തറിയാം ദോഹ എക്‌സ്‌പോയിലെ 'സേവ് കോറൽ റീഫ്' പവിലിയനിൽ ചെന്നാൽ. സമുദ്ര പരിസ്ഥിതിയെയും പവിഴപ്പുറ്റുകളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോയിലെ കൾചറൽ സോണിലാണ് സേവ് കോറൽ റീഫ് പവിലിയൻ തുറന്നത്. സമുദ്ര സംരക്ഷണത്തിന്റെയും പരിസ്ഥിതി ബോധവൽക്കരണത്തിന്റെയും സുസ്ഥിരതാ പ്രവർത്തനങ്ങളാണ് പവിലിയനിലുള്ളത്.
മുബാദറ ഫോർ സോഷ്യൽ ഇംപാക്ടിന്റേതാണ് പവിഴപ്പുറ്റുകളുടെ പവിലിയൻ. വിജ്ഞാനപ്രദമായ പ്രോഗ്രാമുകളാണ് പവിലിയനിലുള്ളത്. 2050 നകം ലോകത്തിലെ 90 ശതമാനം പവിഴപ്പുറ്റും അപ്രത്യക്ഷമാകുമെന്നും സമുദ്ര ജീവിതത്തിന്റെ 25 ശതമാനം നഷ്ടപ്പെടുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവ മൂലം സമുദ്ര താപനില ഉയരുന്നത് പവിഴപ്പുറ്റുകൾക്ക് ഭീഷണിയാണെന്നും മുബാദറ അധികൃതർ ചൂണ്ടിക്കാട്ടി. പവിഴപ്പുറ്റുകളുടെ വലിയ അക്വേറിയമാണ് പവിലിയനിലെ പ്രധാന ആകർഷണം. അക്വേറിയങ്ങളിൽ എങ്ങനെ പവിഴപ്പുറ്റുകൾ ഉൽപാദിപ്പിക്കാമെന്നും പവിലിയനിലെ വിദഗ്ധർ വിശദമാക്കും. പവിഴപ്പുറ്റുകൾ നേരിടുന്ന വെല്ലുവിളികളും പവിലിയൻ ചൂണ്ടിക്കാട്ടുന്നു. മീനുകൾ ഉൾപ്പെടെ സമുദ്രത്തിലെ വിവിധ തരം ജീവികളുടെ അക്വേറിയവും ഇവിടെ കാണാം.