കുതിരകളെ ഇഷ്ടപ്പെടുന്ന രാജാവ്, മികച്ച റൈഡർ, കവി; അറിയാം, വികസനക്കുതിപ്പിലെ ദുബായ് നായകൻ
Mail This Article
ദുബായ്∙ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഭരണാധികാരിയായി ചുമതലയേറ്റിട്ട് ഇന്ന് 18 വർഷം പൂർത്തിയാകുന്നു. ദുബായ് നഗരത്തെ വികസനക്കുതിപ്പിലേക്കു നയിക്കുന്ന ഷെയ്ഖ് മുഹമ്മദ് ജനിച്ചത് 1949 ലാണ്. ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെ മൂന്നാമത്തെ മകനായ ഷെയ്ഖ് മുഹമ്മദ് 1955 ൽ ദെയ്‌റയിലെ അൽ അഹമ്മദിയ സ്‌കൂളിലാണ് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് ദുബായ് സെക്കൻഡറി സ്‌കൂളിലേക്ക് മാറി. 17-ാം വയസ്സിൽ, ബന്ധു ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ മക്തൂമിനൊപ്പം കേംബ്രിജിലേക്കു മാറുകയും ബെൽ എജ്യുക്കേഷനൽ ട്രസ്റ്റിന്‍റെ കീഴിലുള്ള ഇംഗ്ലിഷ് ലാംഗ്വേജ് സ്കൂളിൽ ചേർന്ന് പഠനം നടത്തുകയും ചെയ്ത ഷെയ്ഖ് മുഹമ്മദിനെക്കുറിച്ച് അധികം ആർക്കും അറിയാത്ത ചില വിവരങ്ങൾ ഇതാ.
∙ ബ്രിട്ടിഷ് രാജകുടുംബം പഠിക്കുന്ന അതേ സൈനിക സ്കൂളിൽ നിന്ന് പരിശീലനം
ഇംഗ്ലിഷ് ലാംഗ്വേജ് സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷം, മോൺസ് ഓഫിസർ കെഡറ്റ് സ്കൂളിൽ പഠിക്കാൻ ചേർന്നു. പിന്നീട് ഈ വിദ്യാലയം സാൻഡ്ഹർസ്റ്റിന്‍റെ ഭാഗമായിത്തീർന്നു. ഇവിടെയാണ് പിന്നീട് വില്യം രാജകുമാരനും ഹാരി രാജകുമാരനും പരിശീലനം നേടിയത്. മികച്ച കോമൺവെൽത്ത് വിദ്യാർഥിയെന്ന നിലയിൽ ഷെയ്ഖ് മുഹമ്മദിന് വാൾ ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്.
∙ലിംഗസമത്വമെന്ന സ്വപ്നം
2015ൽ ഷെയ്ഖ് മുഹമ്മദ് ജെൻഡർ ബാലൻസ് കൗൺസിൽ രൂപീകരിച്ചു. 2015 ൽ നടത്തിയ ആദ്യ യോഗത്തിൽ ലിംഗസമത്വമെന്ന ആശയം നടപ്പാക്കണമെന്ന് ഷെയഖ് മുഹമ്മദ് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രമെന്ന നിലയിൽ യുഎഇയുടെ വികസനത്തിൽ പങ്കാളികൾ എന്ന നിലയിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ കൗൺസിൽ മുഖേന ലക്ഷ്യമിടുന്നത്.
∙ കുതിരകളെ ഇഷ്ടപ്പെടുന്ന രാജാവ്
ലോകത്തിലെ ഏറ്റവും വലിയ കുതിര വളർത്തൽ സംരംഭമായ ഡാർലി സ്റ്റഡ് ഷെയ്ഖ് മുഹമ്മദിന്‍റെ ഉടമസ്ഥതയിലാണ്. അയർലൻഡ്, യുകെ, യുഎസ് എന്നിവയുൾപ്പെടെ ലോകമെമ്പാടും ഡാർലി സ്റ്റഡിന് ഫാമുകളുണ്ട്. നല്ലൊരു റൈഡർ കൂടിയായ ഷെയ്ഖ് മുഹമ്മദ് 63-ാം വയസ്സിൽ 2012-ലെ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്.
∙ അധികം അറിയപ്പെടാത്ത കവി
അധികം ആർക്കും അറിയാത്ത കവിയാണ് ഷെയ്ഖ് മുഹമ്മദ്. സ്കൂൾ കാലഘട്ടത്തിൽ നബതി (പ്രാദേശിക അറബി കവിത) കവിതകൾ എഴുതാൻ തുടങ്ങി. കവിത രചിക്കാൻ തന്നിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് പിതാവാണെന്ന് പിന്നീട് ഷെയ്ഖ് മുഹമ്മദ് വെളിപ്പെടുത്തിയിട്ടുണ്ട്.
ആദ്യകാലത്ത് അദ്ദേഹം നെദാവി, സലീത് തുടങ്ങിയ തൂലികനാമങ്ങളിലാണ് കവിതകൾ പ്രസിദ്ധീകരിച്ചത്. തന്‍റെ രചനകൾ മികച്ചവയാണെന്നും രാജകുടുംബത്തിലെ അംഗമായതിനാലല്ല പ്രസിദ്ധീകരിക്കപ്പെടുന്നതെന്നും ഉറപ്പായപ്പോൾ മാത്രമാണ് അദ്ദേഹം സ്വന്തം പേരിൽ കവിത പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്.