പടയായി, അഞ്ചാം നാൾ പോരാട്ടം
Mail This Article
ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിന് പന്തുരുളാൻ ഇനി 5 നാൾ കൂടി മാത്രം.
24 ടീമുകളും സ്‌ക്വാഡുകളെ പ്രഖ്യാപിച്ചു. 12ന് വൈകിട്ട് ലുസെയ്ൽ സ്റ്റേഡിയത്തിൽ ഖത്തറും ലബനനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫെബ്രുവരി 10 വരെ നീളുന്ന ഏഷ്യൻ വൻകരയുടെ പോരാട്ടത്തിൽ 24 ടീമുകളും കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചതായി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) വ്യക്തമാക്കി. ഇത്തവണ ടീമിൽ 26 കളിക്കാർ വേണമെന്നാണ് എഎഫ്‌സി നിബന്ധന.
നിലവിലെ ചാംപ്യന്മാരായ ഖത്തർ കഴിഞ്ഞ ദിവസമാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മുൻ എഡിഷനിലെ മികച്ച കളിക്കാരനും ടോപ് സ്‌കോററുമായ അൽമോയിസ് അലി, മിഡ്ഫീൽഡർ അക്രം അഫീഫ് എന്നിവർ ഇത്തവണയും ടീമിലുണ്ട്. യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ പ്രൊഫഷനലുകളും മിടുക്കരായ യുവകളിക്കാരെയും ഉൾപ്പെട്ടതാണ് ജാപ്പനീസ് ടീം.
കൊറിയൻ ടീമിനെ സ്‌ട്രൈക്കർ സൺ ഹെയുങ്-മിൻ നയിക്കും. സൗദിയുടെ ടീമിൽ സലേം അൽദാവസരിയാണ് മുൻനിരയിൽ. ഇറാനിയൻ ടീമിനെ മെഹ്ദി താരെമി നയിക്കും. ഏഷ്യൻ കപ്പിൽ മികച്ച പ്രകടനത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായി മിക്ക ടീമുകളുടെയും സൗഹൃദ മത്സരങ്ങൾ ദോഹയിൽ പൊടിപൊടിക്കുകയാണ്.
ഇന്നലെ ഖത്തറും ജോർദാനും തമ്മിലായിരുന്നു സൗഹൃദ മത്സരം. കഴിഞ്ഞ മാസം 31ന് കംബോഡിയയുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഖത്തർ ജയിച്ചത്. കഴിഞ്ഞ ദിവസം സൗദിയും ലബനനും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സൗദി ജയിച്ചു.