ഗൃഹപ്രവേശനച്ചടങ്ങിന് വിദേശത്തു നിന്നെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു
Mail This Article
തേവലക്കര ∙ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ വിദേശത്തു നിന്നെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര പ്ലാമൂട്ടിൽ കിഴക്കേതിൽ (കായൽവാരത്ത്) ബഷീറിന്റെയും സബൂറ ബീവിയുടെയും മകൻ ബി. ഷെമീർ (35) ആണ് മരിച്ചത്. ദേശീയ പാതയിൽ കരുനാഗപ്പള്ളി കുന്നേറ്റിപ്പാലത്തിനു സമീപം 4ന് രാത്രി 8ന് ആയിരുന്നു അപകടം.
കായംകുളത്ത് സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ ഷെമീർ സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റു അബോധാവസ്ഥയിലായ ഷെമീറിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. റിയാദിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. ഷെമീർ പുതിയതായി വച്ച വീടിന്റെ ഗൃഹപ്രവേശം ഡിസംബർ 31നായിരുന്നു. കബറടക്കം ഇന്നു 2ന് വടക്കുംതല ജുമുഅ മസ്ജിദിൽ. ഭാര്യ : രഹ്ന. മക്കൾ: ആമിന(8), അമാൻ(2).