ADVERTISEMENT

മസ്‌കത്ത് ∙ ഒമാന്റെ പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിട പറഞ്ഞിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. അഞ്ച് പതിറ്റാണ്ടോളം രാജ്യത്തെ മുന്നേറ്റ വഴിയില്‍ നയിച്ച് 2020 ജനുവരി 10 ന് തന്റെ 79–ാം വയസിലായിരുന്നു സുല്‍ത്താന്‍ ഖാബൂസ് വിടവാങ്ങിയത്.

1940 നവംബര്‍ 18ന് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ഷെയ്ഖ മസൂണ്‍ അല്‍ മശാനിയുടെയും മകനായി സലാലയില്‍ ജനിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് 1970 ജൂലൈ 23ന് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. അറബ് മേഖലയില്‍പോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു അന്ന് ഒമാന്‍. ഒരു ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും കാഴ്ചപ്പാടുകളും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂര്‍വ കാഴ്ചക്കാണ് തുടര്‍ന്നുള്ള 50 വര്‍ഷക്കാലം ലോകം സാക്ഷ്യം വഹിച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സുല്‍ത്താന്‍ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്ന് ഒപ്പം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സുല്‍ത്താന്‍ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്ന് ഒപ്പം

സുല്‍ത്താനേറ്റിന്റെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ഐശ്വര്യപൂര്‍ണമായ ഭരണകാലയളവ് എക്കാലവും ഓര്‍ക്കപ്പെടും. മേഖലയില്‍ അസ്വസ്ഥതയും പ്രശ്‌നങ്ങളും രൂപപ്പെടുമ്പോഴും സമാധാനത്തിന്റെയും സ്ഥിരതയുടെയും ശാദ്വല ഭൂമികയായി അദ്ദേഹം രാജ്യത്തെ രൂപപ്പെടുത്തി. ഇന്നത്തെ സുല്‍ത്താനേറ്റ് അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സ്മാരകമാണ്. അതുകൊണ്ടു തന്നെയാണ് ആധുനിക ഒമാന്റെ ശില്‍പി എന്ന് ഖാബൂസിനെ പരിചയപ്പെടുത്തുന്നതും.

സുല്‍ത്താന്‍, രാജ്യത്തെ വികസനത്തിന്റെ പുതിയ നെറുകയിലെത്തിച്ചു. ഇതോടൊപ്പം അയല്‍ രാജ്യങ്ങളുടെയെല്ലാം മിത്രമായിരുന്നു സുല്‍ത്താന്‍. സംഘര്‍ഷത്തിലുള്ള രാജ്യങ്ങള്‍ക്ക് അനുരഞ്ജനത്തിലേര്‍പ്പെടാനുള്ള മധ്യസ്ഥന്‍ കൂടിയായി ഒമാന്‍. ഈ അതിപ്രധാന പങ്ക് രാജ്യാന്തരതലത്തിൽ തന്നെ സ്വാഗതം ചെയ്യപ്പെട്ടു. ആധുനിക ഒമാനി നവോത്ഥാനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ നയതന്ത്രത്തിലും രാഷ്ട്രീയത്തിലുമുള്ള ഒരു സ്തംഭമായി സമാധാനത്തെ സുല്‍ത്താനേറ്റ് സ്വീകരിച്ചു.

തന്റെ സംസാരങ്ങളിലെല്ലാം രാജ്യത്തിനുള്ള ദര്‍ശനം പങ്കുവച്ച ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്. രാഷ്ട്ര വികസനത്തിന് സംഭാവനയര്‍പ്പിക്കാന്‍ പൗരന്മാരെ നിരന്തരം പ്രേരിപ്പിച്ചു. രാഷ്ട്ര നിര്‍മാണത്തിന് കഠിനമായി അധ്വാനിക്കാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. അന്ന് മുതല്‍ അഭൂതപൂര്‍വ വികസനങ്ങളാണ് രാജ്യത്തുണ്ടായത്. റോഡ് ശൃംഖലകളും എക്‌സ്പ്രസ് വേകളും വിമാനത്താവളങ്ങളും സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകലും ആശുപത്രികളും ആശയവിനിമയ സൗകര്യങ്ങളും തുടങ്ങി ആധുനിക ലോകത്തെ എല്ലാം രാജ്യത്തും ലഭ്യമായി. ജനകീയനായ ഭരണാധികാരി, മികച്ച നയതന്ത്രജ്ഞന്‍, സമാധാനകാംക്ഷി തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ക്കര്‍ഹനായ പ്രിയ ഭരണാധികാരിയുടെ ഓര്‍മകള്‍ ഇന്നും ജനമനസ്സുകളില്‍ മായാതെ നില്‍ക്കുന്നു.

English Summary:

Sultan Qaboos of Oman Died Four Years Ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com