സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ചുമതലയേറ്റിട്ട് നാല് വര്‍ഷം
Mail This Article
മസ്‌കത്ത് ∙ ഒമാന്റെ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ചുമതലയേറ്റിട്ട് നാല് വര്‍ഷങ്ങള്‍. ഹൈതം ബിന്‍ താരികിന്റെ ഭരണ മികവില്‍ വികസനങ്ങളിലൂടെ പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ചും സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സുല്‍ത്താന്റെ നാട്.
2020 ജനുവരി 11നാണ് സുല്‍ത്താന്‍ ഹൈതം അധികാരം ഏറ്റെടുത്തത്. ഭരണത്തിന്റെ ആദ്യ നാള്‍ മുതല്‍ പുതിയ നവോത്ഥാനത്തിന്റെ ഘട്ടങ്ങള്‍ പരുവപ്പെടുത്തിയ സുല്‍ത്താന്‍ പൗരന്‍മാര്‍ക്ക് സേവനങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നു. വിഷന്‍ 2040ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും സുല്‍ത്താന്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. സാമ്പത്തിക, തൊഴില്‍ പ്രശ്‌നനങ്ങള്‍ക്കടക്കം സ്ഥായിയായ പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സ്വദേശികളോടൊപ്പം വിദേശികളെയും പരിഗണിച്ച് കൊണ്ടാണ് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുന്നത്. സുല്‍ത്താന്റെ നിസ്തുലമായ നേതൃപാഠവത്തോടൊപ്പം പൗരന്മാരുടെ പരിപൂര്‍ണ പിന്തുണയോടെ രാജ്യം വെല്ലുവിളികളെ നേരിട്ട് പുരോഗതിയുടെ പുത്തന്‍ പടവുകളിലേക്ക് നടന്നു കയറുകയാണ്. ഒമാനി സര്‍ക്കാറും ജനതയും സുല്‍ത്താനോട് പൂര്‍ണ വിധേയത്വവും കൂറും ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയാണ്. വരാനിരിക്കുന്ന നാളുകള്‍ ഒമാന്റെതാണെന്ന് ഈ ജനത ഉറക്കെ പറയുന്നു.
സ്ഥാനാരോഹണ വാര്‍ഷികത്തിന്റെ ഭാഗമായി അല്‍ ബറക കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ അധ്യക്ഷതയില്‍ ഈ വര്‍ഷത്തെ ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നു. റസിഡന്‍ഷ്യല്‍, നോണ്‍ റസിഡന്‍ഷ്യല്‍ വിഭാഗങ്ങള്‍ക്കുള്ള കുടിവെള്ള വിതരണ സേവന ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വകാന്‍ ഗ്രാമത്തിന്റെയും ജബല്‍ അല്‍ അബ്‌യദ് പ്രദേശത്തിന്റെയും വികസനത്തിന് സമയപരിധി നിശ്ചയിക്കാന്‍ സുല്‍ത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. യാത്രകള്‍, ക്യാംപിങ്, സാഹസിക വിനോദസഞ്ചാരം എന്നിവക്കുള്ള രണ്ട് പ്രധാന സ്ഥലങ്ങളായി ഇവയെ വികസിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക, സാമൂഹിക സൂചകങ്ങളില്‍ രാജ്യത്തിന്റെ തുടര്‍ച്ചയായ പുരോഗതിയില്‍ സുല്‍ത്താന്‍ സംതൃപ്തി രേഖപ്പെടുത്തി. എല്ലാ സര്‍ക്കാര്‍ യൂണിറ്റുകളും ഇക്കാര്യത്തില്‍ തുടര്‍ന്നും പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകതും കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു. സര്‍ക്കാര്‍ സേവനങ്ങളുടെ വിലനിര്‍ണയ ഗൈഡിന്റെ കരട് മൂന്നാം ഘട്ടത്തിന്റെ ഫലങ്ങള്‍ മന്ത്രിസഭാ കൗണ്‍സില്‍ അംഗീകരിച്ചു. ഫീസ് റദ്ദാക്കല്‍, കുറക്കല്‍, ലഘൂകരിക്കല്‍, ലയിപ്പിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാമൂഹിക സംരക്ഷണ സംവിധാനത്തിന്റെയും അതിന്റെ എല്ലാ പരിപാടികളുടെയും പ്രകടനം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സുല്‍ത്താന്‍ ചൂണ്ടികാട്ടി.