137 ഭാഷകള്‍ തല്‍ക്ഷണം വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന നൂതന വിവര്‍ത്തന ഉപകരണം പ്രദര്‍ശിപ്പിച്ച് ജവാസാത്ത്
Mail This Article
ജിദ്ദ ∙ 137 ഭാഷകള്‍ തല്‍ക്ഷണം വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന നൂതന വിവര്‍ത്തന ഉപകരണം പ്രദര്‍ശിപ്പിച്ച് ജവാസാത്ത് ഡയറക്ടറേറ്റ്. ഹജ്, ഉംറ സേവന സമ്മേളന, എക്‌സിബിഷനില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പവിലിയനിലാണ് ജവാസാത്ത് പുതിയ തല്‍ക്ഷണ വിവര്‍ത്തന ഉപകരണം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഹജ്, ഉംറ സീസണുകളില്‍ അടക്കം രാജ്യാന്തര വിമാനത്താവളങ്ങൾ ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ അറബി ഭാഷാ പരിജ്ഞാനമില്ലാത്ത യാത്രക്കാരുമായുള്ള ആശയവിനിമയം എളുപ്പമാക്കാനും അവരുടെ നടപടിക്രമങ്ങള്‍ വേഗത്തിലും ഉയര്‍ന്ന കാര്യക്ഷമതയിലും പൂര്‍ത്തിയാക്കാനും പുതിയ ഉപകരണം ജവാസാത്ത് ഉദ്യോഗസ്ഥരെ സഹായിക്കും.
ഇമേജ് ടെക്സ്റ്റ് വിവര്‍ത്തനത്തെയും നൂതന ഉപകരണം സപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ദൗത്യങ്ങള്‍, തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ നിര്‍മിത ബുദ്ധി ആപ്പുകളുടെ ഉപയോഗം, വിഷന്‍ 2030 പദ്ധതികളില്‍ ഒന്നായ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെ ഭാഗമായ പദ്ധതികള്‍ എന്നിവ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഹജ്, ഉംറ സേവന സമ്മേളന, എക്‌സിബിഷനില്‍ ആഭ്യന്തര മന്ത്രാലയം പങ്കാളിത്തം വഹിക്കുന്നത്.