ADVERTISEMENT

ദുബായ്∙ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ, ലോകത്തെ ഏറ്റവും മനോഹരമായ മ്യൂസിയമായ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, ആകാശകാഴ്ചയില്‍ കടലില്‍ നിന്നുയർന്നുവന്ന ഈന്തപ്പനപോലെ കൗതുകമാകുന്ന പാം ജുമൈറ, അത്ഭുതങ്ങളവസാനിക്കാത്ത നഗരമാണ് ദുബായ്. നഗരത്തെ ഇന്നത്തെ പ്രൗഢിയിലേക്ക് നയിച്ചത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ദീർഘവീക്ഷണമാണ്.

1980 കളില്‍ എണ്ണ ഇതര വരുമാനത്തില്‍ ലക്ഷ്യമിട്ടാണ് ദുബായില്‍ വിനോദസഞ്ചാരം വിപുലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. എന്നാല്‍ പരിമിതകളേറെയായിരുന്നു. ഭൂമിശാസ്ത്രപരമായി ചെറിയ തീരപ്രദേശമുളള മരുഭൂമിയാണ് ദുബായ്. കൂടുതല്‍ ആലോചനകളില്‍ നിന്നാണ് മനുഷ്യനിർമ്മിത ദ്വീപെന്ന ആശയം പിറവിയെടുത്തത്. ആ ആശയത്തില്‍ നിന്നാണ് പാം ജുമൈറയും ബുർജ് അല്‍ അറബും ബ്ലൂവാട്ടർ ഐലൻഡും ജുമൈറ ബെ ഐലൻഡുമൊക്കെയുണ്ടായത്. ഈ ദ്വീപുകളില്‍ ഏറ്റവും വിലയേറിയതത് ജുമൈറ ബെ ഐലൻഡാണ്. അവിടെ താമസക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക്  ഒടുവില്‍ റൊണാള്‍ഡോയുമെത്തുകയാണെന്നാണ് വാർത്ത.

റൊണാള്‍ഡോ കൂടി ആ പട്ടികയില്‍ ഇടം പിടിക്കുകയാണ്. (Image : X/ Cristiano)
റൊണാള്‍ഡോ കൂടി ആ പട്ടികയില്‍ ഇടം പിടിക്കുകയാണ്. (Image : X/ Cristiano)

∙ എന്താണ് ബില്യനേഴ്സ് ഐലൻഡ്
ദുബായിലെ മനുഷ്യനി‍ർമ്മിത ദ്വീപുകളിലൊന്നാണ് ജുമൈറ ബെ ഐലൻഡ് അഥവാ ബില്യനേഴ്സ് ഐലൻഡ്. ജുമൈറ ബീച്ച് റോഡിന്‍റെ തീരത്ത് കൂറ്റന്‍ കടല്‍ക്കുതിരയുടെ രൂപത്തില്‍ മെറാസ് ഹോള്‍ഡിങസ് ഒരുക്കിയതാണിത്. 6.3 ദശലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ദ്വീപില്‍ ആഢംബരവില്ലകളും അപാർട്മെന്‍റുകളുമുണ്ട്. ജുമൈറ റോഡില്‍ നിന്ന് 300 മീറ്റർ നീളത്തിലുളള പാലത്തിലൂടെ ദ്വീപിലെത്താം. പാം ജുമൈറയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിപ്പത്തില്‍ ചെറുതാണെങ്കിലും വിലയില്‍ വളരെ മുന്നിലാണ് ഈ ദ്വീപ്.  പാം ജുമൈറയിലെ ഓരോ തണ്ടിലും ശരാശരി 120 വില്ലകളുണ്ട്. എന്നാല്‍ ജുമൈറ ബെ ഐലൻഡില്‍  ആകെ 124 വില്ലകളാണുളളത്. താമസക്കാർക്ക് കടലിന്‍റെ തീര സൗന്ദര്യവും  ബു‍ർജ് ഖലീഫ തല ഉയർത്തി നില്‍ക്കുന്ന ദുബായുടെ വശ്യതയും ആസ്വദിക്കാനാകുമെന്നുളളതാണ് വലിയ ആകർഷണം.  

∙ വിലയില്‍ ഒന്നാമന്‍,താമസക്കാരായി വിവിഐപികള്‍
പാം ജുമൈറയിലെ യൂണിറ്റുകളേക്കാള്‍ 60 ശതമാനത്തിലധികമാണ് ബെ ഐലൻഡിലെ യൂണിറ്റുകളുടെ വില. കടലിന്‍റെ വിശാല സൗന്ദര്യമാസ്വദിക്കുകയെന്നുളള ആശയത്തിലാണ് ദ്വീപ് ഒരുക്കിയിട്ടുളളത്. താമസക്കാർക്ക് ഓരോരുത്തർക്കും സ്വകാര്യ ബീച്ചും മറ്റ് സൗകര്യങ്ങളുമുണ്ട്.ആഢംബര ഹോട്ടലായ ബള്‍ഗേരി ഹോട്ടല്‍ ആൻഡ് റസിഡന്‍സ്, 100 ലധികം മുറികളും 20 ഹോട്ടല്‍ വില്ലകളും മറീനയുമായി 1.7 ദശലക്ഷം ചതുരശ്രഅടിയിലാണ് ഒരുക്കിയിട്ടുളളത്. ഇത് കൂടാതെ 27 നിലകളിലാണ് ബള്‍ഗേരി ലൈറ്റ് ഹൗസ് ഒരുങ്ങുന്നത്. 

നാല് - അ‍ഞ്ച് മുറികളുളളതാണ് ഓരോ പെന്‍റ്  ഹൗസും. എന്നാല്‍   ഏറ്റവും മുകളിലെ മൂന്ന് നിലകളില്‍  7 മുറികളുളള സ്കൈ വില്ല ക്രൗണുമുണ്ട്. സ്വകാര്യമേല്‍ക്കൂരപൂന്തോട്ടങ്ങളും, രണ്ട് സ്വകാര്യ കുളങ്ങളും ഉള്‍പ്പടെ ആഢംബരത്തില്‍ മുങ്ങിയതാണ് ഓരോ താമസയിടവും. 200 മുതല്‍ 300 ദശലക്ഷം ദിർഹമാണ് വില്ലകളുടെ ശരാശരി വില. ദ്വീപിലൊരുങ്ങുന്ന ബള്‍ഗേരി ലൈറ്റ് ഹൗസിലെ യൂണിറ്റ് 2023 ഫെബ്രുവരിയില്‍ വിറ്റുപോയത് 410 ദശലക്ഷം ദിർഹത്തിനാണെന്നുളള (ഏകദേശം 926 .78 കോടി ഇന്ത്യന്‍ രൂപ )  ഒറ്റക്കണക്ക് മതി ജുമൈറ ബെ ഐലൻഡിന്‍റെ വിലയറിയാന്‍. യുഎഇയുടെ റിയല്‍ എസ്റ്റേറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകയ്ക്ക് ഒരു സ്ഥലം വിറ്റുപോയതും ഇതേ ദ്വീപിലാണ്. 124 ദശലക്ഷം ദിർഹത്തിനാണ്( ഏകദേശം 280 . 34 കോടി ഇന്ത്യന്‍ രൂപ)  24,500 ചതുരശ്രയടിയിലുളള സ്ഥലം വിറ്റുപോയത്. ഇതോടെ അതിസമ്പന്നരുടെ മാത്രം ഇടമെന്ന ഖ്യാതിയും ജുമൈറ ബെ ഐലൻഡ് സ്വന്തമാക്കി.

∙ ശതകോടീശ്വരന്മാരുടെ ഇഷ്ടകേന്ദ്രം
ശതകോടീശ്വരന്മാരുടെ ഇഷ്ടകേന്ദ്രമെന്ന വിലയിരുത്തലിലാണ് ജുമൈറ ബെ ഐലൻഡിന് ബില്യനേഴ്സ് ഐലൻഡ് എന്ന വിളിപ്പേരുവീണത്. ദുബായിലെ മറ്റ് ഏത് മേഖലകളിലുളളതിനേക്കാളും ശതകോടീശ്വരന്മാർ  ഈ ദ്വീപിലാണ് താമസമാക്കിയിട്ടുളളതെന്നും കൗതുകകരം.  സൗദി ശതകോടീശ്വരൻ മുഹമ്മദ് അബ്ദുൾ ലത്തീഫ് ജമീലും ഇസ്രയേലി വ്യവസായി ടെഡി സാഗി,അന്തരിച്ച മുൻ അംഗോളൻ പ്രസിഡന്‍റ് ജോസ് എഡ്വാർഡോ ഡോസ് സാന്‍റോസിന്‍റെ മകളും ആഫ്രിക്കയിലെ ഏറ്റവും ധനികയുമായ ഇസബെൽ ഡോസ് സാന്‍റോസും ദ്വീപില്‍ വസതി സ്വന്തമാക്കിയവരാണ്. റൊണാള്‍ഡോ കൂടി ആ പട്ടികയില്‍ ഇടം പിടിക്കുകയാണ്.

∙ റൊണാള്‍ഡോയെയും മോഹിപ്പിച്ച ദ്വീപ്
ലോകത്തെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബില്യനേഴ്സ് ദ്വീപിലും മേല്‍വിലാസമാകുന്നു. ഈ വർഷം തന്നെ പോർച്ചുഗീസ് താരം  ആഢംബരവസതിയിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. ജുമൈറ ബെ ഐലൻഡിലെ വസതിയ്ക്കായി താരം മുടക്കിയ പണത്തിന്‍റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. 30000 ചതുരശ്രയടിയിലുളള ആറ് കിടപ്പുമുറികളുളള വസതിയാണ് റൊണാള്‍ഡോയ്ക്കായി ഒരുങ്ങുന്നതെന്നാണ് സൂചന. സ്വകാര്യബീച്ച്,നീന്തല്‍കുളം,7 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാന്‍ സൗകര്യമുളള പാർക്കിങ് സ്ലോട്ട് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സൗദി അറേബ്യയിലെ അൽ നാസർ ഫുട്ബോൾ ക്ലബിലെത്തിയതിന് പിന്നാലെയാണ് 2 മണിക്കൂർ മാത്രം അകലത്തിലുളള ദുബായില്‍ ആഢംബര വസതി താരം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. 

∙ സുന്ദരം,സൗകര്യപ്രദം,സ്വകാര്യത
താമസക്കാർക്കും വിനോദസഞ്ചാരികള്‍ക്കും ജീവിതം സുഖപ്രദമാക്കാനുളള മികച്ച സൗകര്യങ്ങളാണിവിടെ ഒരുക്കിയിട്ടുളളത്. അതിഥികളും താമസക്കാരുമെല്ലാം വിവിഐപികളാണെന്നുളളതുകൊണ്ടുതന്നെ വസതികള്‍ക്കും വില്ലകള്‍ക്കും സ്വകാര്യത ഉറപ്പുവരുത്തുന്നു.  വിവിധ പരിപാടികള്‍ക്കുളള കമ്മ്യൂണിറ്റി സെന്‍റർ,വൃത്തിയുളള ജനവാസമില്ലാത്ത ബീച്ചുകള്‍, കുട്ടികളുടെ വിനോദ ക്ലബ്, ബള്‍ഗേരി ജ്വല്ലറി സ്റ്റോർ, യോട്ട് ക്ലബ്,വിനോദ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന സ്വകാര്യബീച്ചുള്‍പ്പെടെയുളള സൗകര്യങ്ങളുണ്ട്. അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് 47 മിനിറ്റിലെത്താമെങ്കില്‍ ദുബായ് വിമാനത്താവളത്തിലേക്ക് 20 മിനിറ്റ് മാത്രമാണ് അകലം. 10 മുതല്‍ 20 മിനിറ്റ് വരെ അകലത്തില്‍ കിന്‍റർഗാർട്ടനുകളും സ്കൂളുകളുമടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.

English Summary:

The island that enchanted even Ronaldo, billionaires as neighbors; It's Dubai's Own 'Billionaire's Island'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com