ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ യുഎഇ; രാജാവാണ് കസ്റ്റമർ
Mail This Article
അബുദാബി ∙ യുഎഇയിൽ പരിഷ്കരിച്ച ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നതോടെ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 50,000 ദിർഹം (11.3 ലക്ഷം രൂപ) മുതൽ 10 ലക്ഷം (2.26 കോടി രൂപ) വരെ പിഴ ചുമത്തുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കെതിരെ ഉപരോധം ഏർപ്പെടുത്താനും പിഴ ചുമത്താനും പ്രാദേശിക അധികാരികളെ അധികാരപ്പെടുത്തിയതും വൻ തുക പിഴ ഏർപ്പെടുത്തിയതുമാണ് ഭേദഗതിയിലെ സുപ്രധാന മാറ്റം.
വിപണിയിൽ കൃത്രിമം ഇല്ലാതാക്കി സുതാര്യത ഉറപ്പാക്കുകയും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുകയുമാണ് ലക്ഷ്യം. ഉൽപന്നത്തിന്റെ വില, നിലവാരം, വാറന്റി, കേടായ ഉൽപന്നം മാറ്റി നൽകൽ തുടങ്ങി ക്രയവിക്രയവുമായി ബന്ധപ്പെട്ട 43 നിബന്ധനകളാണ് പുതിയ നിയമത്തിലുള്ളത്. നേരിട്ട് വ്യാപാരവും സേവനവും നടത്തുന്ന സ്ഥാപനങ്ങൾക്കും ഓൺലൈൻ ബിസിനസ് നടത്തുന്ന കമ്പനികൾക്കും നിയമം ബാധകമാണ്.
ഉപഭോക്താവുമായുള്ള കരാറിലെ വ്യവസ്ഥകളിൽ പൊരുത്തക്കേടുണ്ടെങ്കിൽ സാമ്പത്തിക മന്ത്രാലയത്തിനോ ഉപഭോക്തൃ സംരക്ഷണ വകുപ്പിനോ പരാതി നൽകാം. പരാതി പരിശോധിച്ച് കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ പ്രാദേശിക അതോറിറ്റിക്ക് അധികാരമുണ്ടാകും.
കേടായ ഉൽപന്നത്തിനു പകരം നൽകാതിരിക്കുക, വാറന്റി നിയമം പാലിക്കാതിരിക്കുക, അമിത വില ഈടാക്കുക, നിലവാരമില്ലാത്ത ഉൽപന്നം നൽകുക തുടങ്ങിയ കുറ്റങ്ങൾക്ക് പിഴ ചുമത്തും. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ പ്രാദേശിക അധികാരികളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും സാലിഹ് പറഞ്ഞു.