രോഗമില്ലാത്ത ജീവിതശൈലിക്ക് കടപ്പാട് ആയുർവേദത്തോട്
Mail This Article
ദുബായ് ∙ സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനും രോഗമില്ലാത്ത ജീവിതശൈലി രൂപപ്പെടുത്തുന്നതിനും ആയുഷ് ചികിത്സാ രീതികൾ ഫലപ്രദമാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആയുർവേദത്തിന്റെ ഗുണങ്ങൾ ലോകമാകെ വ്യാപിക്കുകയാണ്. 2050 ആകുമ്പോഴേക്കും ആയുഷ് വാർഷിക വ്യാപാരം 7 ലക്ഷം കോടി ഡോളറാകുമെന്നും മന്ത്രി പറഞ്ഞു. ആയുഷ് രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗമില്ലാത്ത ജീവിത ശൈലിക്ക് ഇന്ത്യ ആയുർവേദത്തോട് കടപ്പെട്ടിരിക്കുന്നു. അലോപ്പതിയുമായി ചേർന്നു കരുത്തുറ്റ വൈദ്യശാസ്ത്ര രംഗം സ്ഥാപിക്കാൻ ആയുർവേദത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാന കൈമാറ്റവും അവസരങ്ങൾ കണ്ടെത്തലുമാണ് രാജ്യാന്തര സമ്മേളനത്തിന്റെ ലക്ഷ്യം. ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിക്കുന്ന സമ്മേളനം നാളെ സമാപിക്കും. ആയുർവേദം, യോഗയും പ്രകൃതി ചികിത്സയും, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ ശാഖകളുമായി ബന്ധപ്പെട്ടവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വിവിധ ആയുഷ് ചികിൽസാ ശാഖയുമായി ബന്ധപ്പെട്ട സ്റ്റാളുകളും വേൾഡ് ട്രേഡ് സെന്ററിൽ എക്സിബിഷൻ ഹാളിൽ ഒരുക്കി. 50 ചർച്ചകൾ, 300 ഗവേഷണ പ്രബന്ധം അവതരണം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
30 രാജ്യങ്ങളിൽ നിന്ന് 1300 പ്രതിനിധികൾ പങ്കെടുക്കുന്നു. ആയുഷ് ഫാർമ, എഫ്എംസിജി ഉൽപന്നങ്ങൾ, ആയുഷ് സേവന ദാതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ജൈവ ഉൽപന്നങ്ങൾ, ആയുഷ് ഉപകരണങ്ങൾ, വിവിധ സർക്കാർ ആയുഷ് സംവിധാനങ്ങൾ എന്നീ വിഭാഗങ്ങളുടെ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യം.
യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി ധാരണാ പത്രങ്ങൾ ഒപ്പിടും. ഉദ്ഘാടന സമ്മേളനത്തിൽ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ. മാർവൻ അൽ മുല്ല, ആയുഷ് ജോയിന്റ് സെക്രട്ടറി ബിശ്വജിത്ത് കുമാർ സിങ്, സയൻസ് ഇന്ത്യ ഫോറം യുഎഇ പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണൻ, ആയുഷ് സമ്മേളന അധ്യക്ഷൻ സിദ്ധാർഥ് ബാലചന്ദ്രൻ, ജോസഫ് ക്ലിൻഡിൻസ്റ്റ്, ഡോ. ശേഖർ സി. മാണ്ഡേ, ഡോ. സുനിൽ അംബേദ്കർ എന്നിവർ പ്രസംഗിച്ചു.