യുഎഇയിൽ വസ്തു വിലയിൽ 10.4% വർധന; പെന്റ്ഹൗസുകൾക്കും വില്ലകൾക്കും തീവില
Mail This Article
അബുദാബി ∙ ലോകത്ത് വസ്തു വില വർധനയിൽ യുഎഇ മുന്നിൽ. 2023ലെ കണക്കനുസരിച്ച് യുഎഇയിലെ വസ്തു വില 10.4% ഉയർന്നതായി ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വ്യക്തമാക്കുന്നു. ബാങ്ക് ഫോർ ഇന്റർനാഷനൽ സെറ്റിൽമെന്റ് ഡേറ്റ പ്രകാരം കോവിഡിനു മുൻപ് യുഎഇ (14.15%) ആറാം സ്ഥാനത്തായിരുന്നു.
വിദേശികളുടെ വർധനയും ഉയർന്ന ഡിമാൻഡുമാണ് വില വർധനയ്ക്കു കാരണം. രാജ്യത്തെ വില്ലകളുടെയും പെന്റ്‌ഹൗസുകളുടെയും വില റെക്കോർഡിലെത്തി. ആവശ്യക്കാർ കൂടുകയും ആഡംബര, അത്യാഡംബര യൂണിറ്റുകളുടെ വിതരണം കുറഞ്ഞതും വില കൂടാൻ കാരണമായി.
2023 നവംബറിലെ കണക്കനുസരിച്ച് ദുബായിൽ ഒരു ചതുരശ്ര അടിക്ക് 1,271 ദിർഹത്തിലേക്ക് ഉയർന്നു. വില വർധനയിൽ 4.72% ആയി മെക്സിക്കോ ആണ് രണ്ടാം സ്ഥാനത്ത്. ഇസ്രയേൽ (3.1%), പോർച്ചുഗൽ (2.42%), തായ്‌ലൻഡ് (1.54%), ജപ്പാൻ (0.62%), മലേഷ്യ 0.27 എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. കോവിഡിനു മുൻപ് ഇസ്രയേലിലായിരുന്നു (23.7%) ഏറ്റവും ഉയർന്ന പ്രോപ്പർട്ടി നിരക്ക്. പോർച്ചുഗൽ (22.29%) ആയിരുന്നു രണ്ടാം സ്ഥാനത്ത്.