ADVERTISEMENT

മനാമ ∙ പാശ്ചാത്യ ഈണങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾക്കും, റിയാലിറ്റി ഷോ, പിന്നണി താരങ്ങളുടെ ഷോകൾക്കും ഇടയിലേക്ക് നാടൻ ശീലുകൾ കോർത്തിണക്കി കടുംതുടിയുടെയും ചെണ്ടയുടെയും വാദ്യമേളകൾക്കൊപ്പം കുറെ ഗ്രാമീണ ഗാനങ്ങളുമായി വേദികൾ കീഴടക്കിയിരിക്കുകയാണ്  ബഹ്‌റൈനിലെ കുറച്ച് വടക്കൻ ജില്ലക്കാരായ കലാകാരന്മാർ. പെരുമാളിന്റെ നാട്ടിൽ നിന്നുള്ളവരാണ് ഈ സംഘത്തിൽ കൂടുതലും ഉള്ളത്. 'പയ്യന്നൂർ   സഹൃദയ നാടൻ പാട്ട്സംഘം 'എന്ന പേരും നൽകിയാണ് ഈ കലാകാരന്മാർ വേദിയിലേക്ക് ആട്ടവും പാട്ടുമായി ചുവടു വച്ചത്. ഇപ്പോൾ ബഹ്‌റൈനിലെ മലയാളികളുടെ ആഘോഷങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത ഒരു സംഘമായി മാറിയിരിക്കുകയാണ് സഹൃദയ നാടൻ പാട്ട് സംഘം. മൺമറഞ്ഞുപോകുന്ന നാടൻ പാട്ടുകളും നാട്ടറിവുകളും പ്രവാസലോകത്തെ പുതിയ തലമുറയ്ക്ക് പരിചയ പ്പെടുത്തിക്കൊടുക്കുന്നതോടൊപ്പം തന്നെ ഈ മേഖലയിൽ താല്പര്യമുള്ളവരെ കണ്ടെത്തിക്കൊണ്ട് അവരെ വേദിയിലെത്തിക്കുകയും ചെയ്യുക എന്ന ദൗത്യം കൂടി സഹൃദയ നാടൻ പാട്ട് സംഘം നിർവഹിക്കുന്നു. 

folk-song-group-in-bahrain2

മണ്ണിനോട് പടപൊരുതിയ പച്ചമനുഷ്യന്റെ ചരിത്രവും അടിച്ചമർത്തപ്പെട്ട അടിയാളന്റെ ജീവിതവും പാട്ടിലൂടെ സമൂഹത്തോട് ഇവർ വിളിച്ച് പറയുമ്പോൾ പ്രവാസലോകത്തെ പുതു തലമുറയ്ക്ക് നാടിന്റെ ചരിത്രം മനസ്സിലാക്കാനുള്ള വേദിയായികൂടി പരിപാടി മാറുന്നു. എട്ടു വർഷങ്ങൾക്ക് മുമ്പേ ഒരു സംഘഗാനത്തിൽ തുടങ്ങി ഇന്ന് 50ൽ കൂടുതൽ അംഗങ്ങൾ ഉള്ള കലാ കുടുംബമായി മാറിയിരിക്കുകയാണ് സഹൃദയ. കലാകാരന്മാരുടെ നീണ്ട നാളത്തെ പ്രയത്നം തന്നെയാണ് ഈ സംഘത്തെ ഇത്തരത്തിലേക്ക് മാറ്റിയത്. ഒരു ദിവസം തന്നെ മൂന്ന് വേദികളിൽ വരെ പരിപാടി അവതരിപ്പിക്കാനുള്ള  ക്ഷണം സഹൃദയയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു വേദിയിൽ തുടർച്ചയായി 3 മണിക്കൂറിൽ അധികം പരിപാടി അവതരിപ്പിച്ചും ഒരേവേദിയിൽ 35ഓളം കലാകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് പാട്ട് വണ്ടി  എന്നപേരിൽ  ഒരു പ്രോഗ്രാം  അവതരിപ്പിച്ചും ഇവർ  ബഹ്‌റൈൻ മലയാളികളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു...

 കേരളസർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരവും സഹൃദയ നാടൻ പാട്ട് സംഘത്തിന്  തുടർച്ചയായ രണ്ടാം തവണയും ലഭിച്ചിട്ടുണ്ട്. കേരള ഫോക്‌ലോറിന്റെ ലോകമെമ്പാടുമുള്ള പ്രചാരണം  നടത്താനുള്ള അഫിലിയേഷൻ ലഭിച്ചിട്ടുള്ളതും  സഹൃദയ നാടൻപാട്ട് സംഘത്തിനാണ്. അഞ്ചു വയസ്സുള്ള കുട്ടികൾ മുതൽ 52വയസ്സുള്ള കലാകാരന്മാർ  വരെ ഇന്ന് സംഘത്തിന്റെ ഭാഗമായുണ്ട്‌. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ പ്രവാസം സ്വീകരിക്കേണ്ടി വന്ന  സാധാരണക്കാരായ പ്രവാസികളാണ് കൂടുതലും സംഘത്തിൽ പാട്ടുകാരായി ഉള്ളത്. വ്യാഴാഴ്ച കളില്‍ എല്ലാ കലാകാരൻമാരും ഒത്തുചേർന്നാണ് പരിശീലനം നടത്തുന്നത്.

folk-song-group-in-bahrain1

 42 വർഷമായി നാടൻകലാ പ്രവർത്തന രംഗത്തുള്ള സംഘത്തിലെ മുതിർന്ന അംഗം സഹദേവൻ പടേന, 25 വർഷമായി ഈ മേഖലയിലുള്ള കലാഭവൻ മണി ഓടപ്പഴം പുരസ്‌കാരജേതാവ് മിഥുൻ രാജ് എന്നീ കലാകാരന്മാരാണ് പരിശീലനം നൽകുന്നത്. നാടൻ കലയെ അറിയാനും പഠിക്കാനും അത് പ്രചരിപ്പിക്കാനും താല്പര്യമുള്ള ആൾക്കാരെ ഇതിന്റെ ഭാഗമാക്കി വേദിയിൽ എത്തിക്കുന്നു എന്നുള്ളത് സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ചെണ്ട പോലുള്ള നാട്ടുവാദ്യങ്ങൾ പരിശീലനത്തിനായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം പലപ്പോഴും  പരിശീലനത്തെ സാരമായി ബാധിച്ചപ്പോൾ പലപ്പോഴും ഒഴിഞ്ഞ കടൽതീരങ്ങൾ വരെ പരിശീലനത്തിനായി തിരഞ്ഞെടുക്കേണ്ടി വന്നിട്ടുള്ള സംഘത്തിന് ഇപ്പോൾ സ്വന്തമായി സൗണ്ട് പ്രൂഫ് ചെയ്തിട്ടുള്ള ഒരു മുറിയുണ്ട്. കൊറോണ കാലത്ത് പലർക്കും  പ്രത്യാശയുടെ വെളിച്ചം വിതറാൻ സോഷ്യൽ മീഡിയകളിൽ  ഓൺലൈൻ ആയി ബഹ്‌റൈനിൽ നിന്ന്  പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ട് സഹൃദയ നാടൻ പാട്ട് സംഘം പ്രവാസ ലോകത്തു നിന്ന് മറ്റൊരു ചരിത്രം കൂടികുറിക്കുകയുണ്ടായി.

പാട്ടിനൊപ്പം  ചടുലമായ നൃത്ത ചുവടുകളുമായി സംഘത്തിലെ കുഞ്ഞു കലാകാരികളായ വൈഗ മുരളി, സദാദ്ര സജിത്ത്, ശ്രീദിക വിജിൻ എന്നിവരും .  സുലഭ് ലിനീഷ്, കൃഷ്ണദത്  ആർ ആറ്റാച്ചേരി എന്നിവരും വേദികളെ  സജീവമാക്കുന്നു. ജാതി ചിന്തക്കെതിരെ വിരൽ ചൂണ്ടിയ പൊട്ടൻ ദൈവത്തിന്റെ മുഖപാളി അലേഖനം ചെയ്ത വേഷവിധാനമാണ് സംഘത്തിന്റെ മുഖമുദ്ര. ആര് വിളിച്ചാലും ലാഭേച്ച കൂടാതെ തന്നെ സംഘം പരിപാടികൾ അവതരിപ്പിക്കാറുണ്ട്.സംഘാടകർ നൽകുന്ന പാരിതോഷികങ്ങൾ മാത്രമാണ് പലപ്പോഴും തങ്ങൾക്ക് പ്രചോദനം എന്നും ഇവർ പറയുന്നു.

നാടൻ കലാ പ്രവർത്തനത്തോടൊപ്പം  ജീവകാരുണ്യ പ്രവർത്തനത്തിന്  സംഘം മുൻ‌തൂക്കം നൽകുന്നുണ്ട്. പ്രളയകാലത്തും,കൊറോണക്കാലത്തും സഹൃദയ ജീവകാരുണ്യ പ്രവർത്തങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.നാടക രചയിതാവ്  പ്രതീപ് മണ്ടുരിന്റ  2023ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനു അർഹമായ ഒരു നാടക പുസ്തകമായ  "നമുക്ക് ജീവിതം പറയാം" രണ്ടാം പതിപ്പ് ഇറക്കിയതും സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ  ആഭിമുഖ്യത്തിലാണ് .വിടപറഞ്ഞ അറുമുഖൻ വെങ്കിടങ്‌ ഈണം നൽകി ദീപ്തി ആർ അറ്റാച്ചെരി പാടിയ കണ്ണുനീർ എന്ന വിഡിയോ ആൽബവും ഈ സംഘം നിർമിച്ചിട്ടുണ്ട്.  മാത്രമല്ല എഴോളം പാട്ടുകൾ ഈ കൂട്ടായ്മയിലെ കലാകാരന്മാരുടെ ശബ്ദത്തിലൂടെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. കുട്ടികൾക്ക് നാടൻ പാട്ടുകളിൽ  പരിശീലനം നൽകി അവരെ വേദിയിൽ എത്തിച്ച്  പുതിയ തലമുറയെ നാടൻ പാട്ടിന്റെ വഴിയിലേക്ക് എത്തിക്കാനുള്ള ശ്രമവും ഇപ്പോൾ നടക്കുന്നുണ്ടെന്ന് സഹൃദയയുടെ സാരഥി രാജേഷ് അറ്റാച്ചേരി പറഞ്ഞു.

English Summary:

folk song group in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com