പ്രമേഹ പ്രതിരോധത്തിന് പുതിയ ഗവേഷണ കേന്ദ്രം
Mail This Article
ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷനിൽ (എച്ച്എംസി) ഖത്തർ ഡയബറ്റിസ് റിസർച് സെന്റർ തുറന്നതോടെ 5 വർഷത്തെ പ്രമേഹ പ്രതിരോധ പ്രോഗ്രാമിന് തുടക്കമായി. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ ഖുവാരിയാണ് പുതിയ ഗവേഷണ കേന്ദ്രം തുറന്നത്. എച്ച്എംസിയുടെ സർജിക്കൽ സ്പെഷ്യൽറ്റി സെന്ററിന് സമീപം ദോഹ ക്യാംപസിലാണ് കേന്ദ്രം. മുപ്പതോളം ഗവേഷകർ, ഡോക്ടർമാർ, ഗവേഷണ കോഓർഡിനേറ്റർമാർ എന്നിവരാണ് സെന്ററിലുള്ളത്.
പ്രാഥമികാരോഗ്യ പരിചരണ കേന്ദ്രങ്ങളിലെ ദേശീയ പ്രമേഹ പരിശോധനാ പ്രോഗ്രാമുകളിലൂടെയാണ് സെന്ററിലേക്ക് രോഗികളെ നിശ്ചയിക്കുന്നത്. 4 ക്ലിനിക്കൽ ട്രയലുകളാണ് പ്രോഗ്രാമിന് കീഴിലുള്ളത്. ഗർഭകാല പ്രമേഹം പ്രതിരോധിക്കുക, ടൈപ്പ്-2 പ്രമേഹം പ്രതിരോധിക്കുക, വ്യക്തിഗത പരിചരണം ഉറപ്പാക്കുക എന്നിവയിലാണ് ശ്രദ്ധ ചെലുത്തുക. ടൈപ്പ്–2 പ്രമേഹം പ്രതിരോധിക്കാനും ചെറുപ്പത്തിൽ തന്നെ രോഗം തടയാനും സഹായിക്കുന്ന വിധത്തിൽ പൊതുമേഖലയുടെ പങ്കാളിത്തത്തോടെയാണ് പ്രോഗ്രാം നടപ്പാക്കുന്നത്. ഖത്തർ റിസർച് ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ കൗൺസിലും എച്ച്എംസിയുടെ അക്കാദമിക് ഹെൽത്ത് സിസ്റ്റവും ചേർന്നാണ് പഞ്ചവത്സര പ്രമേഹ പ്രതിരോധ പ്രോഗ്രാമിന് ഫണ്ട് നൽകുന്നത്. ടൈപ്പ്-2 പ്രമേഹത്തെ ചെറുക്കാൻ രോഗീ കേന്ദ്രീകൃത സമീപനമാണ് നടപ്പാക്കുക. മികച്ച തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കി രോഗത്തിന്റെ അപകടസാധ്യത കുറയ്ക്കുകയുമാണ് സെന്ററിന്റെ ലക്ഷ്യം.