എഎഫ്‌സി കപ്പിന് മെട്രോ, ട്രാമുകളിൽ തിരക്ക്; ആദ്യ 5 ദിവസത്തിനിടെ 10 ലക്ഷം യാത്രക്കാർ
Mail This Article
ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ കാണാനായി ദോഹ മെട്രോ, ലുസെയ്ൽ ട്രാമുകളിൽ യാത്ര ചെയ്തത് 10,79,340 പേർ. ജനുവരി 12 മുതൽ 16 വരെയുള്ള കണക്കാണിത്. മെട്രോയിൽ 10,40,973 പേരും ട്രാമിൽ 38,367 പേരുമാണ് യാത്ര ചെയ്തതെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. ഖത്തർ-ലബനൻ ഉദ്ഘാടന മത്സരദിനമായ ജനുവരി 12നാണ് ഏറ്റവുമധികം പേർ യാത്ര ചെയ്തത്- 2,34,862 യാത്രക്കാർ.
ലുസെയ്ൽ ക്യുഎൻബി, ഡിഇസിസി, മിഷെറീബ് എന്നിവയാണ് ഏറ്റവും തിരക്കേറിയ സ്റ്റേഷനുകൾ. ലുസെയ്ൽ ട്രാമിന്റെ ലഗ്താഫിയ സ്റ്റോപ്പിലാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. മത്സരദിനങ്ങളിൽ ടിക്കറ്റ് ഉടമകൾക്ക് ദോഹ മെട്രോയിൽ സൗജന്യ ഡേ പാസ് ആണ് നൽകുന്നത്. മത്സര വേദികളായ ലുസെയ്ൽ, ഖലീഫ ഇന്റർനാഷനൽ, അഹമ്മദ് ബിൻ അലി, എജ്യുക്കേഷൻ സിറ്റി, ജാസിം ബിൻ ഹമദ് എന്നീ 5 സ്റ്റേഡിയങ്ങളിലേക്ക് മെട്രോ സർവീസുള്ളതിനാൽ ആരാധകർക്ക് ഇവിടങ്ങളിലേക്ക് യാത്ര എളുപ്പമാണ്. ഏഷ്യൻ കപ്പിനായി ദോഹ മെട്രോയുടെ 110 ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.
റെഡ്‌ലൈനിൽ 6 കാര്യേജ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഒരു ട്രെയിനിൽ 1,120 യാത്രക്കാർ ഉൾക്കൊള്ളും. മെട്രോ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിൽ ഓരോ 3 മിനിറ്റും സർവീസുണ്ട്. യാത്രക്കാർക്ക് ഏറ്റവും സുരക്ഷിത യാത്രയാണ് മെട്രോയും ട്രാമും നൽകുന്നത്. എല്ലാ സ്‌റ്റേഷനുകളിലും ആവശ്യമായ സേവനങ്ങൾ നൽകാൻ വൊളന്റിയർമാരും ഖത്തർ റെയിൽ ജീവനക്കാരും സജീവമാണ്. ഭിന്നശേഷിക്കാർക്കും സുരക്ഷിത യാത്ര ഉറപ്പാക്കിയാണ് മെട്രോയുടേയും ട്രാമിന്റെയും സഞ്ചാരം.