ദുബായിൽ 2 സാലിക്ക് ഗേറ്റുകൾ കൂടി; ടോൾ നവംബർ മുതൽ, സാലിക്കിന് ഇരട്ടി നേട്ടം
Mail This Article
ദുബായ്∙ ബിസിനസ് ബേ ക്രോസിങ്ങിൽ പുതിയതായി സാലിക്ക് ഗേറ്റ് സ്ഥാപിച്ചു. നവംബർ മുതൽ ഇതുവഴിയുള്ള യാത്രയ്ക്ക് ടോൾ നൽകണം. അൽഖെയിൽ റോഡിൽ ബിസിനസ് ബേ ക്രോസിങ്ങിലും ഷെയ്ഖ് സായിദ് റോഡിൽ മെയ്ദാനും അൽ സീഫ് സ്ട്രീറ്റിനും ഇടയിലുമാണ് സാലിക്ക് ഗേറ്റുകൾ സ്ഥാപിച്ചത്. വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. ഷെയ്ഖ് സായിദ് റോഡ് വഴി പോകുന്ന വാഹനങ്ങൾ ടോൾ ഒഴിവാക്കാൻ തിരക്കു കുറഞ്ഞ മറ്റു റോഡുകൾ സ്വീകരിക്കേണ്ടി വരും.
ഷെയ്ഖ് സായിദ് റോഡിലെ തിരക്കും ഗതാഗതക്കുരുക്കും വിശദമായ അവലോകനം ചെയ്ത ശേഷമാണ് രണ്ടു ടോൾ ഗേറ്റുകൾ സ്ഥാപിച്ചതെന്ന് ആർടിഎ അറിയിച്ചു. ടോൾ ഗേറ്റുകൾ പ്രവർത്തനം തുടങ്ങുന്നതോടെ ദുബായിലെ സാലിക്ക് ഗേറ്റുകളുടെ എണ്ണം 10 ആയി ഉയരും. നിലവിൽ ബർഷ, ഗർഹൂദ്, മക്തും പാലം, മംസാർ സൗത്ത്, മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നിവിടങ്ങളിലാണ് സാലിക്ക് ഗേറ്റുള്ളത്.
ഗതാഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യം
പുതിയ ടോൾ ഗേറ്റ് വരുന്നതോടെ അൽഖെയിൽ റോഡിലെ കുരുക്ക് 15% വരെ കുറയുമെന്നാണ് പ്രതീക്ഷ. മക്തും പാലം, ഗർഹൂദ് പാലം, റാസൽ അൽ ഖോർ എന്നീ റൂട്ടുകളിലേക്ക് വാഹനങ്ങൾ വഴി മാറുമ്പോൾ 16% വരെ വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും കണക്കാക്കുന്നു. ഷെയ്ഖ് സായിദ് റോഡിൽ നിന്നു മെയ്ദാൻ സ്ട്രീറ്റിലേക്കുള്ള വാഹനങ്ങളുടെ എണ്ണത്തിൽ 15% കുറവും പ്രതീക്ഷിക്കുന്നു. സാലിക്കിന്റെ വാർഷിക വരുമാനത്തിൽ വൻ വർധനയുണ്ടാകുന്നതിനാൽ ഇതിന്റെ ഗുണം ഓഹരി ഉടമകൾക്ക് ലഭിക്കും.
ഓഹരി വിപണിയിലും നേട്ടം
പുതിയ ടോൾ ഗേറ്റ് പ്രഖ്യാപനത്തിന്റെ അനുകൂല പ്രതികരണം ദുബായ് ഓഹരി വിപണിയിലുമുണ്ടായി. ഓഹരി സൂചികയിൽ 0.7 % വർധന രേഖപ്പെടുത്തിയതിനൊപ്പം സാലിക്കിന്റെ ഓഹരിയിൽ 5.2% വളർച്ചയുമുണ്ടായി.
ഗേറ്റുകൾ അടുത്തടുത്ത്
ഒരു തവണ വാഹനം സാലിക്ക് ഗേറ്റ് കടക്കുമ്പോൾ 4 ദിർഹം ടോൾ ഈടാക്കും. അടുത്തടുത്താണ് പുതിയ സാലിക്ക് ഗേറ്റുകൾ. ആദ്യ ഗേറ്റ് കടന്ന് ഒരു മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഗേറ്റ് കടന്നാൽ ഒരു ടോൾ മാത്രമേ ഈടാക്കൂ.