ദുബായിൽ മാത്രം 500 അധ്യാപകരുടെ കുറവ്; യുഎഇയിൽ പുതിയ അധ്യയന വർഷത്തിൽ കൂടുതൽ അധ്യാപകരെ വേണം
Mail This Article
അബുദാബി ∙ ഓഗസ്റ്റ് അവസാനം തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ യുഎഇയ്ക്ക് വേണ്ടത് 700ലേറെ അധ്യാപകരെ. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലാണ് കൂടുതൽ ഒഴിവുകൾ. മറ്റു എമിറേറ്റുകളിലും ഒഴിവുണ്ട്. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിലാണ് ഓഗസ്റ്റിൽ പുതിയ അധ്യയന വർഷം തുടങ്ങുക. ഇന്ത്യൻ സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ ഏപ്രിലിൽ പുതിയ അധ്യയനം തുടങ്ങി.
ദുബായിൽ മാത്രം 500 അധ്യാപകരുടെ ഒഴിവുണ്ടെന്ന് വിവിധ റിക്രൂട്ടിങ് ഏജൻസികൾ സൂചിപ്പിച്ചു. അബുദാബിയിൽ 150, ഷാർജയിൽ 50 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ഒഴിവുകൾ. ജെംസ് എജ്യുക്കേഷൻ, തഅ്‍ലീം, ബ്ലൂം എജ്യുക്കേഷൻ, അൽദാർ തുടങ്ങിയ ഗ്രൂപ്പുകളിലെ സ്കൂളുകളിലാണ് കൂടുതൽ ഒഴിവുകൾ. സംഗീതം, കായികം, ക്രിയേറ്റിവ് ആർട്സ്, പെർഫോർമിങ് ആർട്സ് ഡയറക്ടർ, സ്പോർട്സ് ഡയറക്ടർ തുടങ്ങിയവയിലും ഒഴിവുണ്ട്.
ദുബായ് ബ്രിട്ടിഷ് സ്കൂൾ ജുമൈറ പാർക്ക്, ജെംസ് വില്ലിങ്ടൺ ഇന്റർനാഷണൽ സ്കൂൾ, അർക്കാഡിയ ഗ്ലോബൽ സ്കൂൾ തുടങ്ങി പത്തോളം സ്കൂളുകളിൽ ഗണിത, ശാസ്ത്ര അധ്യാപകരെ ആവശ്യമുണ്ട്. ഈ വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് 3,000 ദിർഹം കൂടുതൽ ശമ്പളം നൽകുന്ന സ്കൂളുകളുണ്ട്. ഉയർന്ന യോഗ്യതയും തൊഴിൽ പരിചയവുമുള്ള അധ്യാപകരെ കിട്ടുക പ്രയാസമാണെന്ന് റിക്രൂട്ടിങ് ഏജൻസികൾ സൂചിപ്പിച്ചു. അതിനാൽ, കുറഞ്ഞത് 500 വിദേശ അധ്യാപകരെങ്കിലും യുഎഇയിൽ എത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ 2,800 വിദേശ അധ്യാപകരാണുള്ളത്.
ഓരോ സ്കൂളിന്റെയും നിലവാരവും ഫീസും അധ്യാപകരുടെ യോഗ്യതയും തൊഴിൽപരിചയവും അനുസരിച്ച് 3,000 മുതൽ 17,000 ദിർഹം വരെ ശമ്പളം നൽകുന്നു. ബ്രിട്ടിഷ്, അമേരിക്കൻ, യുഎഇ സ്കൂളുകളിലാണ് ശമ്പളം കൂടുതൽ. കുറഞ്ഞ ഫീസുള്ള ഇന്ത്യൻ സ്കൂൾ അധ്യാപകർക്ക് 3,000 ദിർഹം മുതലാണ് ശമ്പളം. അതതു സ്കൂളിന്റെ വെബ്സൈറ്റ് വഴിയോ അധ്യാപക റിക്രൂട്ടിങ് വെബ്സൈറ്റുകൾ മുഖേനയോ അപേക്ഷിക്കാം. നാട്ടിൽനിന്ന് റിക്രൂട്ട് ചെയ്തുവരുന്ന അധ്യാപകർക്ക് ചില സ്കൂളുകൾ താമസസൗകര്യം നൽകുന്നുണ്ട്.