‘വികസിത രാജ്യങ്ങളിലേക്കുള്ള മലയാളി കുടിയേറ്റം: കേരളത്തിന്റെ വിഭവങ്ങളെ നഷ്ടപ്പെടുത്തുന്നു’
Mail This Article
തിരുവല്ല ∙ പ്രവാസത്തിന്റെയും കേരള വികസനത്തിന്റെയും മാതൃകകളെയും ഭാവിയെയും സംബന്ധിച്ച് ഗഹനമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയായ മൈഗ്രേഷന്‍ കോണ്‍ക്ലേവ് സമാപിച്ചു. 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കോണ്‍ക്ലേവില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ പാനലിസ്റ്റുകള്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം നല്‍കുകയും പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. തിരുവല്ലയില്‍ മൂന്ന് വേദികളിലായാണ് കോണ്‍ക്ലേവ് നടന്നത്.
പ്രവാസം നേരിടുന്ന പ്രതിസന്ധികള്‍, പ്രവാസത്തില്‍ മാധ്യമങ്ങളുടെ പങ്ക്, യൂറോപ്യന്‍ പ്രവാസം അടക്കമുള്ള വിവിധ വിഷയങ്ങളിലാണ് പ്രബന്ധാവതരണങ്ങളുണ്ടായത്. കേരളീയ വിദ്യാര്‍ഥികളുടെ വിദേശ കുടിയേറ്റവുമായി ബന്ധപ്പെട്ട സെഷനില്‍ ഐ സി എഫ്, ഐ സി പ്ലാനിങ് ബോര്‍ഡ് അംഗം പി വി അബ്ദുല്‍ ഹമീദ് പ്രബന്ധം അവതരിപ്പിച്ചു. കേരളീയ വിദ്യാര്‍ഥികളുടെ കുടിയേറ്റം: സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക പ്രതിഫലനങ്ങള്‍, പ്രേരകങ്ങള്‍, ഇവ കുറയ്ക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന വിഷയത്തിലാണ് പ്രബന്ധാവതരണം.
കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക അഭിവൃദ്ധിക്ക് വലിയ പങ്ക് വഹിച്ച ഗള്‍ഫ് പ്രവാസം ഇപ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കുകയാണെന്നും വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ് യുവജനത ലക്ഷ്യംവെക്കുന്നതെന്നും പി വി അബ്ദുല്‍ ഹമീദ് ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളില്‍ പൗരത്വം നേടി സ്ഥിരതാമസം ഉറപ്പിക്കുകയാണ് ഇത്തരം കുടിയേറ്റങ്ങളുടെ ലക്ഷ്യം. ഉന്നത പഠനത്തിനായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഇങ്ങനെ പോകുന്നത്. ഇതിലൂടെ കേരളത്തിന് വലിയ നഷ്ടങ്ങളാണ് സംഭവിക്കുക. ഗള്‍ഫ് പ്രവാസത്തില്‍ നിന്ന് വിഭിന്നമായി വിദേശനാണ്യമൊഴുക്കും നിക്ഷേപങ്ങളും ഇല്ലാതാകുന്നു.
മുതിര്‍ന്ന തലമുറയുടെ ജീവിതവും ചോദ്യച്ചിഹ്നമാകും. സുരക്ഷ, സ്വാതന്ത്ര്യം, ജീവിത നിലവാരം എന്നിവക്ക് പുറമെ കേന്ദ്ര സര്‍ക്കാറിന്റെ ചില നയങ്ങളും വിദ്യാര്‍ഥി കുടിയേറ്റത്തിന്റെ പ്രധാന പ്രേരകങ്ങളാണ്. പ്രാദേശിക സാമ്പത്തിക വികസനത്തെ ദുര്‍ബലപ്പെടുത്തുകയും വന്‍തോതില്‍ മസ്തിഷ്‌ക ശോഷണത്തിന് കാരണമാകുകയും ചെയ്യുന്ന ഈ കുടിയേറ്റത്തെ തടയിടാനുള്ള മാര്‍ഗങ്ങള്‍ കേരളം സത്വരമായ അന്വേഷിക്കേണ്ടതുണ്ട്. അവസരങ്ങളും കാലത്തിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞുള്ള നയരൂപവത്കരണവും പ്രയോഗവത്കരണവും കേരളം നടത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്തെ തന്നെ വിദ്യാഭ്യാസ ഹബ് ആയി കേരളം മാറേണ്ട സമയമാണിത്. പ്രകൃതിഭംഗി, കണക്ടിവിറ്റി, സാക്ഷരത, ആരോഗ്യസൗകര്യങ്ങള്‍ തുടങ്ങി എല്ലാ അനുകൂല സാഹചര്യങ്ങളും കേരളത്തിനുണ്ടെന്നും ഇവ കാലികമായി വിനിയോഗിക്കണമെന്നും പി വി അബ്ദുല്‍ ഹമീദ് പറഞ്ഞു.