സദ്ദാം ഹുസൈനിൽ നിന്നും നേരിട്ട് പുരസ്കാരം ഏറ്റുവാങ്ങിയ മലയാളി നഴ്സ് അന്തരിച്ചു; വിടവാങ്ങിയത് യുദ്ധകാലത്ത് സൈനികരെ ടെന്‍റുകളിൽ പോയി പരിചരിച്ച ധീരവനിത
Mail This Article
കുവൈത്ത് സിറ്റി∙ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍റെ സ്വകാര്യ ആരോഗ്യ ടീം പ്രവർത്തകരിലെ അംഗമായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. തൃശൂർ സ്വദേശിനിയായ ത്രേസ്യാ ഡയസ് (62) ആണ് അന്തരിച്ചത്. കുവൈത്ത് -ഇറാഖ് യുദ്ധകാലത്ത് ടീമംഗങ്ങളിൽ പലരും സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോഴും യുദ്ധഭൂമിയിലെ ആശുപത്രിയിൽ നിർഭയം ജോലി ചെയ്ത ത്രേസ്യാ ഡയസിന് സദ്ദാം ഹുസൈൻ നേരിട്ട് പുരസ്ക്കാരം സമ്മാനിച്ചിട്ടുണ്ട്.
നഴ്സായി ജോലി ചെയ്തിരുന്ന കാലത്ത് ഇറാഖ് യുദ്ധത്തിൽ ഷെല്ലാക്രമണത്തിൽ മുറിവേറ്റ സൈനികരെ ടെന്‍റുകളിൽ പോയി ശുശ്രൂഷ നൽകിയതിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ത്രേസ്യാ ഡയസ് വയോധികർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി പരിചരണ കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. മൂന്നു ദശാബ്ദക്കാലം കുവൈത്തിൽ സ്പെഷ്യൽ സ്കൂളിൽ പ്രവാസിയായി ജോലി ചെയ്തിട്ടുണ്ട്. സമൂഹവിവാഹവും തൊഴിൽ സംരംഭങ്ങളുമടക്കം നിരവധി പദ്ധതികൾ നടപ്പാക്കിയ ത്രേസ്യ ഡയസ് കലാംഗ ക്ഷേമ ഫെഡറേഷന്റെ സംസ്ഥാന അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ് ബനഡിറ്റ് മോറീസ് ഡയസ്, മക്കൾ ഡോ.ഫിഡലീസ് ഡയസ്, ഡോ.എഞ്ചലീ ഡയസ്. എല്ലാവരും കുവൈത്തിൽ. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 ന് പുത്തൂർ സെന്‍റ് തോമസ് ഫെറോന പള്ളിയിൽ വെച്ച്.