ശൈത്യകാലത്തിരക്കിൽ ദോഹ എക്‌സ്‌പോ; നാല് മാസത്തിനിടെ 25 ലക്ഷം സന്ദർശകർ
Mail This Article
ദോഹ ∙ അൽബിദ പാർക്കിൽ നടക്കുന്ന രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോ കാഴ്ചകളിലേക്ക് ഇതുവരെ എത്തിയത് 25 ലക്ഷം സന്ദർശകർ. 6 മാസം നീളുന്ന മധ്യപൂർവദേശത്തെ പ്രഥമ രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനത്തിന് ഒക്‌ടോബർ 2നാണ് തുടക്കമായത്. ശൈത്യം തുടങ്ങിയതോടെ എക്‌സ്‌പോ വേദിയിലേക്ക് തിരക്ക് വർധിച്ചയതായി എക്‌സ്‌പോ ദോഹ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി വ്യക്തമാക്കി.
മാർച്ച് 28 വരെ നീളുന്ന ദോഹ എക്‌സ്‌പോയിലേക്ക് 30 ലക്ഷം പേരെയാണ് പ്രതീക്ഷിച്ചത്. എന്നാൽ എക്‌സ്‌പോ 4 മാസം പൂർത്തിയാകുന്നതിന് മുൻപേ 25 ലക്ഷം പേർ എത്തി. ശൈത്യകാലമായതിനാൽ ഇനിയുള്ള 2 മാസത്തിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന് കരുതുന്നതായി അൽ ഖൗരി ചൂണ്ടിക്കാട്ടി. ഏഷ്യൻ കപ്പിന്റെ ഫാൻ ഫെസ്റ്റിവലും എക്‌സ്‌പോ വേദിയിലാണ്. ഇതും സന്ദർശകരുടെ എണ്ണം കൂട്ടുന്നുണ്ട്.
ഫാൻ ഫെസ്റ്റിവൽ വേദിയിൽ വൈകുന്നേരങ്ങളിൽ മത്സരങ്ങളുടെ തൽസമയ സംപ്രേഷണത്തിന് പുറമെ വിസ്മയിപ്പിക്കുന്ന വിനോദ, കലാ പരിപാടികളും നടക്കുന്നുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങളും വിവിധ രാജ്യങ്ങളുടെ കാർഷിക, പരിസ്ഥിതി കാഴ്ചകളും വിനോദ പരിപാടികളുമാണ് സന്ദർശകർക്കായി എക്‌സ്‌പോ നൽകുന്നത്. അടുക്കളത്തോട്ടങ്ങളും മികച്ച ലാൻഡ്‌സ്‌കേപ്പിങ്ങും ഡിസൈൻ ചെയ്യാനുള്ള പ്രചോദനമാണ് എക്‌സ്‌പോയിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയിലെ കാഴ്ചകൾ.
ലോകത്തിലെ ഏറ്റവും വലിയ ഹരിത മേൽക്കൂരയ്ക്കുള്ള ഗിന്നസ് ലോക റെക്കോർഡ് എക്‌സ്‌പോയുടെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കാണ്. 4,031 ചതുരശ്രമീറ്റർ വിസ്തൃതിയാണ് മേൽക്കൂരയ്ക്ക്.
എക്‌സ്‌പോ വേദിയിൽ വിന്റർ റണ്ണിങ് റേസ്
അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ നടക്കുന്ന ശൈത്യകാല ഓട്ട മത്സരങ്ങളിൽ മികച്ച പങ്കാളിത്തം. ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷന്റെ പങ്കാളിത്തത്തിൽ ഫെബ്രുവരി 9 വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലുമാണ് വിന്റർ റണ്ണിങ് റേസ്. 1 കിലോമീറ്റർ, 3 കിലോമീറ്റർ, 5 കിലോമീറ്റർ, കുട്ടികൾക്കായി 800 മീറ്റർ എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് ഓട്ട മത്സരം നടക്കുന്നത്.
ജോഗിങ് പ്രേമികളുടെ മികച്ച പങ്കാളിത്തത്തിലാണ് ആദ്യ റേസ് നടന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.