എമിറേറ്റ്സ് ഐഡി: പുതുക്കാൻ വൈകിയാൽ പിഴയിൽ ഇളവ് ലഭിക്കുക ചില വിഭാഗക്കാർക്ക്
Mail This Article
അബുദാബി ∙ എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കാൻ വൈകിയാൽ പിഴയിൽ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങളെ വ്യക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). കാലഹരണപ്പെട്ട തീയതി മുതൽ 30 ദിവസത്തിനുള്ളിൽ കാർഡ് പുതുക്കിയില്ലെങ്കിൽ പ്രതിദിനം 20 ദിർഹം പിഴ ഈടാക്കും. ഇത് പരമാവധി 1,000 ദിർഹം വരെ പോകാം. എങ്കിലും സ്വദേശികൾക്കും പ്രവാസികൾക്കും ചില സാഹചര്യങ്ങളിൽ പിഴകളിൽ നിന്ന് ഇളവ് അഭ്യർഥിക്കാം.
എമിറേറ്റ്സ് ഐഡി പുതുക്കുന്നത് വൈകിയതിനുള്ള പിഴയിൽ ഇളവുകൾക്ക് അപേക്ഷിക്കുന്നത് സൗജന്യമാണ്. ഒഴിവാക്കൽ അഭ്യർഥന ആരംഭിക്കുന്നതിന്, വ്യക്തികൾ അംഗീകൃത പ്രിന്റിങ് ഓഫിസുകളിലൊന്നിലൂടെ ഇലക്ട്രോണിക് ആയി െഎസിപി വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ ഐഡി കാർഡ് പുതുക്കുന്നതിനുള്ള അഭ്യർഥന സമർപ്പിക്കണം. എമിറാത്തികൾ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ, യുഎഇയിൽ താമസിക്കുന്ന പ്രവാസികൾ എന്നിവരുൾപ്പെടെ യുഎഇയിലെ എല്ലാ താമസക്കാർക്കും എമിറേറ്റ്സ് ഐഡി കാർഡ് നിർബന്ധമാണ്. ഈ വിഭാഗങ്ങളിലൊന്നിൽ ഉൾപ്പെട്ടിട്ടുള്ള ഏതൊരു വ്യക്തിയും െഎസിപിയിൽ നിന്ന് ഐഡി കാർഡിന് അപേക്ഷിക്കുകയും അത് കാലഹരണപ്പെടുമ്പോൾ പുതുക്കുകയും വേണം.
എമിറേറ്റ്‌സ് ഐഡി കാർഡുമായി ബന്ധപ്പെട്ട വൈകിയുള്ള പിഴകളിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളുണ്ടെന്ന് െഎസിപി വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലൂടെയും അറിയിക്കുന്നു:
യുഎഇ വിട്ട് മൂന്ന് മാസത്തിലേറെ രാജ്യത്തിന് പുറത്ത് ചെലവഴിച്ച ഒരു വ്യക്തി രാജ്യത്ത് നിന്ന് പുറപ്പെടുന്ന തീയതിക്ക് ശേഷം കാർഡിന്റെ സാധുത കാലഹരണപ്പെട്ടാൽ.
കോടതി ഉത്തരവ്, ഭരണപരമായ തീരുമാനങ്ങൾ, അല്ലെങ്കിൽ കോടതി വിധി എന്നിവയാൽ നാടുകടത്തപ്പെട്ടതിന് ശേഷം ഐഡന്റിറ്റി കാർഡ് കാലഹരണപ്പെട്ട വ്യക്തി പിഴയിൽ നിന്ന് ഒഴിവാകും. എന്നാൽ, നാടുകടത്താൻ ഉത്തരവിറക്കിയ അധികൃതർ നൽകിയ കത്തിലൂടെയോ രസീതിയിലൂടെയോ ഇത് തെളിയിക്കപ്പെടേണ്ടതുണ്ട്.