മികച്ച സേവനത്തിന് നെയാദിക്കും സംഘത്തിനും നാസയുടെ പുരസ്കാരം
Mail This Article
അബുദാബി ∙ ബഹിരാകാശ പര്യവേഷണത്തിൽ (എക്സ്പെഡിഷൻ 69) മാതൃകാപരമായ സേവനം കാഴ്ചവച്ച യുഎഇ ബഹിരാകാശ സഞ്ചാരിയും യുവജന മന്ത്രിയുമായ സുൽത്താൻ അൽ നെയാദിക്ക് നാസയുടെ 2 അവാർഡുകൾ. വിശിഷ്ട പൊതുസേവന മെഡലും ബഹിരാകാശ പര്യവേഷണ മെഡലുമാണ് ലഭിച്ചത്. ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിൽ നെയാദിയുടെ സംഭാവനകളും സേവനങ്ങളും മാനിച്ചാണ് പുരസ്കാരം.
യുഎസിലെ ഹൂസ്റ്റണിൽ ജോൺസൺ സ്‌പേസ് സെന്ററിൽ നടന്ന ചടങ്ങിൽ എക്‌സ്‌പെഡിഷൻ 69 സംഘവും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) സംഘവും അവാർഡുകൾ ഏറ്റുവാങ്ങി. ബഹിരാകാശ സംഘത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നൽകിയ സംഭാവനകൾ മാനിച്ച് എംബിആർഎസ്‌സിയുടെ ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദിയെയും നാസ ആദരിച്ചു.
സ്‌പേസ് ഓപറേഷൻസ് ആൻഡ് എക്‌സ്‌പ്ലറേഷൻ വിഭാഗം അസി. ഡയറക്ടർ ജനറൽ അദ്‌നാൻ അൽ റയ്‌സ്, സ്‌പേസ് ഓപറേഷൻസ് വിഭാഗം മാനേജർ മുഹമ്മദ് അൽ ബുലൂഷി എന്നിവർക്ക് ഗ്രൂപ്പ് അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു. എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽ മർറി, ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, നൂറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബഹിരാകാശ യാത്രികരുടെ കഥപറച്ചിൽ സെഷനുകളും ഉണ്ടായിരുന്നു.