നഴ്സിൽ നിന്ന് പൈലറ്റിലേക്ക്; ദുബായുടെ ആകാശത്ത് പറന്ന് ഉയർന്ന മലയാളി യുവാവിന്‍റെ ജീവിതകഥ
Mail This Article
ദുബായ് ∙ കുട്ടിക്കാലം മുതൽ കൊണ്ടുനടന്ന ജീവിതാഭിലാഷം സാഹചര്യ സമ്മർദങ്ങളാൽ അടക്കിവച്ച് പ്രവാസിയായി ജീവിക്കുകയാണോ നിങ്ങൾ? എങ്കിൽ എറണാകുളം ഇടപ്പള്ളി സ്വദേശി ഡേവിസ് ജോർജ് ചിറ്റിലപ്പിള്ളി എന്ന ഈ യുവാവിന്‍റെ ജീവിതകഥ അറിയൂ.
ദുബായിൽ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ഡേവിസിന് ഉയരത്തിൽ ചിറുകകൾ വിടർത്തി പറക്കുക എന്നതായിരുന്നു ജീവിതാഭിലാഷം. പക്ഷേ, എത്തപ്പെട്ടത് മറ്റൊരു മേഖലയിലും. എങ്കിലും സമ്പാദ്യത്തിൽ നിന്ന് ചെറിയ തുകകൾ മാറ്റി വച്ച് ആ പണം കൊണ്ട് തന്‍റെ ആഗ്രഹം പൂർത്തീകരിച്ചു. ഇന്ന് ചെറിയ വിമാനം പറപ്പിക്കാനുള്ള പൈലറ്റ് ലൈസൻസ് നേടിയിരിക്കുകയാണ് ഈ യുവാവ്.
∙ ഏത് അഭിലാഷവും സാധിച്ചുതരുന്ന വിസ്മയഭൂമി
ഒരു മനുഷ്യന്‍റെ ഏത് ആഗ്രഹവും സാധിച്ച് തരുന്ന വിസ്മയഭൂവാണ് യുഎഇ എന്നാണ് ഡേവിസ് പറയുക. കഴിഞ്ഞ 9 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അടക്കിവച്ച തന്‍റെ ആഗ്രഹപൂർത്തീകരണത്തിന് ഇതുപോലെ യോജ്യമായ മറ്റൊരിടമില്ലെന്ന് മനസിലാക്കിയാണ് അതിന് പിന്നാലെ സഞ്ചരിക്കാൻ തുടങ്ങിയത്. ബിഎസ് സി നഴ്സിങ്ങാണ് പഠിച്ചത്. പിന്നീട്, ക്ലിനിക്കൽ റിസേർച്ചിൽ കാർഡിയോളജി സ്പെഷ്യലിസ്റ്റായി. അഞ്ച് വർഷം എറണാകുളം ലിസി ആശുപത്രിയിൽ ജോലി ചെയ്തു. ഇതിനിടെ പാർട് ടൈമായി എംബിഎയും പൂർത്തിയാക്കി. 2015ലാണ് യുഎഇയിലെത്തിയത്. നിലവിൽ കാർഡിയോളജി ഡിവൈസ് കമ്പനിയില്‍ ജോലി ചെയ്യുന്നു.
വിശാലമായ ആകാശത്ത് പറന്നുപോകുന്ന വിമാനങ്ങൾ പണ്ടേ തന്നെ കൊതിപ്പിച്ചിരുന്നതായി ഡേവിസ് പറയുന്നു. വ്യോമയാന രംഗത്ത് പ്രവർത്തിക്കണമെന്നത് അഭിലാഷമായിരുന്നു. പക്ഷേ, എത്തപ്പെട്ടത് മെഡിക്കൽ രംഗത്തും. എങ്കിലും ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ അത് നേടിയെടുക്കാൻ പ്രപഞ്ചം തന്നെ കൂടെ നിൽക്കുമെന്ന ചിന്തയിലൂടെയായിരുന്നു ദുബായിലെ ജീവിതം. വിമാനം പറപ്പിക്കാൻ പഠിക്കാനുള്ള വഴി അന്വേഷിച്ച് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. യുഎഇയിൽ അതിന് ധാരാളം സൗകര്യവും സംവിധാനവുമുണ്ടെന്ന് മനസിലായി. എന്നാൽ ഇതിന് വലിയൊരു തുക കണ്ടെത്തേണ്ടി വരുമെന്നതിനാൽ ആഗ്രഹം താത്കാലികമായി അടക്കിവയ്ക്കാൻ തീരുമാനിച്ചു. കോവിഡ്19 കാലത്ത് അനാവശ്യ ചെലവുകളെല്ലാം ഒഴിവായി കുറച്ച് തുക കൈയിൽ വന്നപ്പോൾ കുടുംബവുമായി ആലോചിച്ച് തീരുമാനമെടുത്തു. പിതാവ് ജോർജ് ചിറ്റിലപ്പിള്ളി, മാതാവ് റെനി ജോർജ്, ഭാര്യ കരോലിൻ ലിസ എന്നിവർ കട്ടയ്ക്ക് ഒപ്പം നിന്നു. 2021 ൽ റാസൽഖൈമയിലെ ജസീറ ഏവിയേഷൻ ക്ലബിൽ പൈലറ്റാകാനായി ചേർന്നു. എല്ലാ വാരാന്ത്യങ്ങളിലുമായിരുന്നു പരിശീലനം. അതുകൊണ്ട് തന്നെ മൂന്ന് മാസത്തെ കോഴ്സ് 11 മാസമെടുത്ത് പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കി.
∙ ഏവിയേഷൻ ക്ലബിൽ ചേരാൻ
ഏവിയേഷൻ ക്ലബിൽ ചേരുന്നതിന് മുൻപ് കായിക, മാനസികാരോഗ്യ പരിശോധനകൾ(ഏവിയേഷൻ മെഡിക്കൽ ചെക്കപ്പ്) നിർബന്ധമാണ്. ഈ കടമ്പ കടന്ന സർടിഫിക്കറ്റുമായാണ് ഏവിയേഷൻ ക്ലബിനെ സമീപിക്കേണ്ടത്. സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു കഴിഞ്ഞാൽ മുന്നോട്ടുപോകാം.
ഗ്രൗണ്ട് ക്ലാസ് 3 മാസം പിന്നിട്ടാൽ പറക്കൽ ആരംഭിക്കും. ആദ്യം കൂടെ പരിശീലകനുമുണ്ടാകും. തൃശൂർ സ്വദേശി ഇല്യാസായിരുന്നു ഡേവിസിന് പരിശീലനം നൽകിയ ക്യാപ്റ്റൻ. എയറോ പ്രാറ്റ് എ22 ലൈറ്റ് സ്പോട് എയർ ക്രാഫ്റ്റിലായിരുന്നു പരിശീലനം. 2 സീറ്റുകളുള്ള ഈ കുഞ്ഞു വിമാനത്തിന് 260 കിലോ ഗ്രാമാണ് ഭാരം. ആദ്യം ഛർദിയടക്കമുള്ള പ്രശ്നങ്ങളുണ്ടായെങ്കിലും പതിയെ അതെല്ലാം മാറി. മിക്കപ്പോഴും യുഎഇയിലെ വിവിധ ദ്വീപുകൾക്ക് മുകളിലൂടെ 2 മണിക്കൂർ തുടർച്ചയായി പറന്നു. ടെയ്ക് ഓഫ് എളുപ്പമാണെങ്കിലും ലാൻഡിങ് വിഭാഗം ഇത്തിരി കടുപ്പം തന്നെയാണെന്ന് ഡേവിസ് പറയുന്നു. 38 മണിക്കൂറെങ്കിലും പരിശീലകന്‍റെ സാന്നിധ്യത്തിൽ വിമാനം പറപ്പിച്ചാൽ മാത്രമേ ഒറ്റയ്ക്ക് പറക്കാൻ അനുവദിക്കുകയുള്ളൂ. 10 മണിക്കൂർ സോളോ ഫ്ലൈ ചെയ്തു കഴിഞ്ഞാൽ ക്യാപ്റ്റൻ പദവി ലഭിക്കും. ഏവിയേഷൻ ക്ലബിൽ ചേരാൻ: http://www.adsac.ae/
∙ ആദ്യം ബന്ധു; പിന്നെ മാതാപിതാക്കളും
തന്‍റെ സ്വപ്നസാക്ഷാത്കാരത്തിന് കൂടെ പറക്കാൻ ആദ്യം സ്വന്തം ബന്ധുവിനെയാണ് ഡേവിസ് തിരഞ്ഞെടുത്തത്. തുടക്കത്തിൽ ബന്ധുവിന് ഇത്തിരി ഭയമൊക്കെ തോന്നിയെങ്കിലും പിന്നെ സന്തോഷകരമായി പറന്നിറങ്ങി. പിന്നീട് മറ്റു ബന്ധുക്കളോടൊപ്പവും ആകാശത്ത് ചുറ്റിക്കറങ്ങി. ഒരിക്കൽ സ്വന്തം മാതാപിതാക്കളെയും കൊണ്ട് പറന്നത് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമാണെന്ന് ഡേവിസ് പറയുന്നു. ഇതുപോലെ സ്വന്തം അഭിലാഷത്തിന് പിന്നാലെ പോയി പറന്നുയരുന്ന മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിലുണ്ട്.