റിപ്പബ്ലിക് ദിനം ആഘോഷിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം
Mail This Article
മനാമ ∙ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം ആഘോഷപൂർവ്വം കൊണ്ടാടി. ബഹ്‌റൈനിലെ വാരാന്ത്യ അവധി ദിവസം റിപ്പബ്ലിക് ദിനമായി വന്നു ചേർന്നത് കൊണ്ട് തന്നെ തൊഴിലാളിസമൂഹം അടക്കമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. സീഫിലെ ഇന്ത്യൻ എംബസി പരിസരത്ത് ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഗാന്ധിജിക്ക് പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അദ്ദേഹം ദേശീയ പതാക ഉയർത്തി.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക് ദിന പ്രസംഗത്തിന്റെ ഭാഗങ്ങൾ അംബാസഡർ വായിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ബാൻഡ് ദേശീയ ഗാനം വായിച്ചു . ഇന്ത്യൻ സമൂഹത്തിലെ 1500 ഓളം അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു . റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 25-ന് വൈകുന്നേരം, ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ , ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യാ ഗവൺമെൻ്റിനും ജനങ്ങൾക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ ആഴവും ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ താൽപ്പര്യവും സ്ഥിരീകരിക്കുകയും ചെയ്തു. ചടങ്ങിൽ ബഹ്‌റൈൻ ബഹ്‌റൈനിലെ നിരവധി നയതന്ത്ര ഉദ്യോഗസ്‌ഥരും കൗൺസിലർമാരും മുതിർന്ന ഉദ്യോഗസ്ഥരും, നയതന്ത്ര സേനാംഗങ്ങളും, ഇന്ത്യൻ, ബഹ്‌റൈൻ സമൂഹത്തിലെ നിരവധി ആളുകളും പങ്കെടുത്തു.
യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃകത്തിന്‍റെ പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ പ്രവാസി കലാകാരന്മാരുടെ ഗാർബ നൃത്ത പ്രകടനവും സംഗീതോപകരണ പരിപാടിയാലും നടന്നു. ആഭ്യന്തര മന്ത്രാലയം, ബഹ്‌റൈൻ ബാൻഡിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെയും ബഹ്‌റൈനിന്‍റെയും ദേശീയ ഗാനങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ രുചികളും ഇന്ത്യൻ കോഫീ ഉൽപ്പന്നങ്ങളുടെ പ്രത്യേക ഇനങ്ങളും അടക്കം ഉൾപ്പെടുത്തിയ ഫുഡ് കോർണർ, പ്രതിരോധ സാങ്കേതികവിദ്യയിലെ രാജ്യത്തിന്‍റെ ഏറ്റവും പുതിയ നേട്ടങ്ങളും കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കുന്നതിനായി ഒരു ഡിഫൻസ് കോർണർ, ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള അത്തർ ഇനങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു.