ADVERTISEMENT

ദുബായ് ∙ അവയവ ദാനത്തിൽ 5 വർഷത്തിനിടെ യുഎഇ 417% വളർച്ച കൈവരിച്ചതായി ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഓർഗൻ ഡൊണേഷൻ ആൻഡ് പ്രൊക്യൂർമെന്റ് അഭിപ്രായപ്പെട്ടു. മരണശേഷം അവയവം ദാനം ചെയ്യുന്നവരുടെ എണ്ണത്തിലെ വർധനയാണ് ഈ അംഗീകാരത്തിനു കാരണം. ദുബായിൽ ഇന്നലെ ആരംഭിച്ച യുഎഇ അവയവ ദാന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ അവയവദാന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇ സുപ്രധാന മുന്നേറ്റങ്ങൾ നടത്തിയതായും സമ്മേളനം ചൂണ്ടിക്കാട്ടി. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഉൾപ്പെടെ ആഗോള തലത്തിലെ എണ്ണായിരത്തിലേറെ പേർ 4 ദിവസം നീളുന്ന സമ്മേളനത്തിൽ നേരിട്ടും വെർച്വലായും പങ്കെടുക്കുന്നുണ്ട്.

അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള ദേശീയ പദ്ധതി ഹയാത്തിന്റെ നേട്ടങ്ങളും വിശദീകരിച്ചു. രോഗികൾക്ക് പുതുജീവിത പ്രതീക്ഷ നൽകുന്നതിലും ദാതാക്കളെ പ്രാപ്തരാക്കുന്നതിലും യുഎഇയുടെ ഹയാത്ത് പദ്ധതി സുപ്രധാന പങ്കുവഹിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പദ്ധതിയിൽ ഇതിനകം 52 രാജ്യക്കാർ പങ്കെടുത്തു. 

സമൂഹത്തിൽ അവയവ ദാനം പ്രോത്സാഹിപ്പിക്കാൻ വിപുലമായ ബോധവൽക്കരണ പദ്ധതികളും ആരോഗ്യമന്ത്രാലയം നടത്തിവരുന്നതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തില‍െ സപ്പോർട്ട് സർവീസസ് വിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അഹ്‌ലി പറഞ്ഞു. 

പദ്ധതിയിലൂടെ അവയവം മാറ്റിവയ്ക്കുന്നതിനൊപ്പം അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമവും തുടരുന്നു. ആഗോള ആരോഗ്യ സംരക്ഷണ കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഉയർത്താൻ പദ്ധതി സഹായകമായെന്ന് ആരോഗ്യവിഭാഗത്തിലെ ഹെൽത്ത് കെയർ വർക്ഫോഴ്‌സ് പ്ലാനിങ് വിഭാഗം ഡയറക്ടർ ഡോ. റാഷിദ് അൽ സുവൈദി പറഞ്ഞു. അവയവ, ടിഷ്യു ദാനം, മാറ്റിവയ്ക്കൽ എന്നീ മേഖലകളിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിനുള്ള ശ്രമം തുടരും. ലോകത്തിലെ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളാണ് ഇതിനായി ലഭ്യമാക്കിയിരിക്കുന്നത്.

സമഗ്ര നിയമനിർമാണങ്ങൾ, ചട്ടങ്ങൾ, സംഘടിത നടപടിക്രമങ്ങൾ എന്നിവയിലൂടെയാണ് യുഎഇ ഈ രംഗത്തെ നേട്ടം കൈവരിച്ചതെന്ന് ഹെൽത്ത് റഗുലേഷൻ സെക്ടർ സിഇഒ ഡോ മർവാൻ അൽ മുല്ല പറഞ്ഞു.  അവയവദാനം, ശസ്ത്രക്രിയയുടെ ഫലം, വിട്ടുമാറാത്ത രോഗങ്ങൾ ലഘൂകരിക്കുന്നതിൽ അവയവദാനത്തിന്റെ പങ്ക്, വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള നൂതന തന്ത്രങ്ങൾ, ദാതാക്കളുടെയും അവയവം സ്വീകരിക്കുന്നവരുടെയും ജീവിത നിലവാരം ഉയർത്തൽ തുടങ്ങി എന്നിവയുടെ വിവിധ വശങ്ങളും സമ്മേളനം ചർച്ച ചെയ്യും. ആരോഗ്യ മന്ത്രാലയം, അബുദാബി ആരോഗ്യ വകുപ്പ്, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം 30 വരെ തുടരും.

English Summary:

417 percent growth in the UAE organ-donation programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com