അറേബ്യൻ കുതിര ഫെസ്റ്റിവലിന് അടുത്ത മാസം ഒന്നിന് കുളമ്പടി ഉയരും
Mail This Article
ദോഹ ∙ അറേബ്യൻ കുതിരകളുടെ നാലാമത് കത്താറ ഇന്റർനാഷനൽ ഫെസ്റ്റിവലിന് ഫെബ്രുവരി 1ന് തുടക്കം. ഇത്തവണ 27 രാജ്യങ്ങളിൽ നിന്ന് 674 കുതിരകൾ പങ്കെടുക്കും. കത്താറ കൾചറൽ വില്ലേജിൽ ഫെബ്രുവരി 1 മുതൽ 11 വരെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് അറേബ്യൻ കുതിരകളുടെ രാജ്യാന്തര ഫെസ്റ്റിവൽ നടക്കുന്നത്. ഖത്തറിന് അകത്തും പുറത്തുമുള്ള സുപ്രധാന ഫെസ്റ്റിവലായി കത്താറയിലേത് മാറിയിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി 4ന് വൈകിട്ട് 6.00ന് കത്താറ എസ്പ്ലനേഡിലാണ് ലോകത്തിലെ ഏറ്റവും മികച്ച അറേബ്യൻ കുതിരകളുടെ ലേലം . കഴിഞ്ഞ വർഷം ദോഹ ആതിഥേയത്വം വഹിച്ച അറേബ്യൻ കുതിരകളുടെ ലോക ചാംപ്യൻഷിപ്പിൽ ലോക ചാംപ്യൻ പട്ടം നേടിയ ദുബായിയുടെ ദി ഷഹർ കുതിരയുടെ പങ്കാളിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തവണത്തെ 1 മുതൽ 5 വരെ അറേബ്യൻ ഹോഴ്‌സ് ടൂറിനും സാക്ഷ്യം വഹിക്കും. ദോഹയിൽ നിന്നു തുടങ്ങുന്ന ടൂർ അബുദാബി, മസ്‌ക്കത്ത്, ഫ്രാൻസ്, നെതർലൻഡ്, റോം എന്നിവിടങ്ങളിലൂടെ പാരീസിലാണ് സമാപിക്കുന്നത്. എഎഫ്‌സി ഏഷ്യൻ കപ്പ് നടക്കുന്നതിനാൽ ഫുട്‌ബോൾ ആരാധകർക്ക് മുന്തിയ ഇനം അറേബ്യൻ കുതിരകളെ അടുത്തു കാണാനും അവയുടെ സവിശേഷതകൾ മനസ്സിലാക്കാനും ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള അവസരം കൂടിയാണിത്.