എഎഫ്‌സി ആവേശത്തിനൊപ്പം നിറഞ്ഞ് കവിഞ്ഞ് മെട്രോയും ട്രാമും
Mail This Article
ദോഹ ∙ യാത്രക്കാരുമായി വീണ്ടും കുതിച്ചു പാഞ്ഞ് ദോഹ മെട്രോയും ലുസെയ്ൽ ട്രാമും. എഎഫ്‌സി ഏഷ്യൻ കപ്പ് 14 ദിവസം പിന്നിട്ടപ്പോൾ മെട്രോയിലും ട്രാമിലുമായി സഞ്ചരിച്ചത് 31 ലക്ഷം പേർ. മെട്രോയിൽ 30 ലക്ഷവും ട്രാമിൽ 1,13,000 യാത്രക്കാരുമാണ് ജനുവരി 12 മുതൽ 25 വരെ സഞ്ചരിച്ചത്. ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ 36 മത്സരങ്ങൾ 28നാണ് അവസാനിച്ചത്. ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്ന 9 വേദികളിലേക്കുള്ള യാത്രയ്ക്ക് ആരാധകരിൽ 29 ശതമാനം പേരും ദോഹ മെട്രോയാണ് ഉപയോഗിച്ചത്.
ജനുവരി 12ന് ലുസെയ്ൽ ക്യുഎൻബി സ്‌റ്റേഷനിൽ ഓരോ മിനിറ്റിലും 320 യാത്രക്കാർ വീതമാണ് സഞ്ചരിച്ചത്. ജനുവരി 25നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ മെട്രോയിൽ സഞ്ചരിച്ചത്-2,67,900 പേർ. മെട്രോയുടെ 37 സ്‌റ്റേഷനുകളിലായാണ് ഇത്രയധികം പേർ സഞ്ചരിച്ചത്. ഏഷ്യൻ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ദോഹ മെട്രോയുടെ മിഷെറീബ്, ഡിഇസിസി, സൂഖ് വാഖിഫ് സ്റ്റേഷനുകളിലാണ് ഏറ്റവുമധികം തിരക്കേറിയത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കിടയിൽ ദിവസേനയുള്ള യാത്രയ്ക്ക് കൂടുതൽ പേരും ദോഹ മെട്രോയും ലുസെയ്ൽ ട്രാമും ആണ് ഉപയോഗിച്ചത്. 37 സ്‌റ്റേഷനുകളിലായി 110 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. റെഡ് ലൈനിൽ 6-കാർ ട്രെയിൻ ഉൾപ്പെടെയാണിത്.