ഷാർജയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ ഇനി ‘എഐ’; പുതിയ പദ്ധതിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
Mail This Article
ഷാർജ∙ ഷാർജയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഇനി നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് –എ ഐ) സഹായവും. എ ഐ സംവിധാനം ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 48 ട്രാഫിക് സിഗ്നലുകൾ ട്രാഫിക് ഒഴുക്ക് 30 ശതമാനം വരെ വർധിപ്പിക്കുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) പറഞ്ഞു. സെൻസറുകളും ക്യാമറകളും തത്സമയ ട്രാഫിക് വിശകലനം ചെയ്ത് സിഗ്നൽ സമയം ക്രമീകരിക്കുമെന്ന് എസ്ആർടിഎ ചെയർമാൻ യൂസിഫ് അലത്ത്മനി പറഞ്ഞു.
ട്രാഫിക് വോളിയവും ട്രെൻഡുകളും അടിസ്ഥാനമാക്കി ലൈറ്റുകൾ പച്ചയോ ചുവപ്പോ ആയി തുടരും. അതിനനുസൃതമായി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നതിനൊപ്പം എ ഐയുടെ പഠന പ്രക്രിയ തുടർച്ചയായി നടക്കും. 2023-ൽ ഷാർജ-ദുബായ് ഗതാഗതം സുഗമമാക്കുന്നതിന് എസ്ആർടിഎ ഇത്തിഹാദ് റോഡിലും അൽ താവൂൻ ഏരിയയിലും രണ്ട് പദ്ധതികൾ നടത്തിയിരുന്നു. എമിറേറ്റിലുടനീളം ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിന് ബീഹയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. പ്രധാന വാണിജ്യ, നഗര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന നൂറുകണക്കിന് ചാർജറുകൾ ഹൈവേകളിലും ഒന്നിലധികം ജില്ലകളിലും വിന്യസിക്കും.