ADVERTISEMENT

മനാമ ∙ ജനുവരി അവസാനിക്കാറായിട്ടും രാജ്യത്ത് തണുപ്പ്  എത്താത്തതിനാൽ ശൈത്യകാല വസ്ത്രവിപണി  മന്ദഗതിയിലായി. ബഹ്‌റൈനിൽ  ഇത്തവണ തണുപ്പ് പതിവിലും കൂടുതലായിരിക്കുമെന്നും  ശൈത്യകാലം  നീണ്ടുനിൽക്കും എന്നുമായിരുന്നു നേരത്തെ കാലാവസ്‌ഥാ വിദഗ്ധർ സൂചിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിൽ ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ വസ്ത്ര വ്യാപാരികൾ വലിയ തോതിൽ ശീതകാല വസ്ത്രങ്ങൾ ഓർഡർ ചെയ്തിരുന്നു. എന്നാൽ ശൈത്യകാലം പകുതി പിന്നിട്ടിട്ടും രാജ്യത്ത് തണുപ്പ് അനുഭവപ്പെടുന്നില്ലെന്നത് വസ്ത്ര വ്യാപാരികളെ നിരാശപ്പെടുത്തുന്നു. 

winter-clothing-market-sale

ഇന്ത്യ,ചൈന, എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതലും ശൈത്യകാല വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നത്. വസ്ത്രങ്ങൾ കൂടാതെ കമ്പിളി പുതപ്പുകൾ, ജാക്കറ്റുകൾ, ബ്ലാങ്കറ്റുകൾ തുടങ്ങി സാധാരണയായി ശീതകാലങ്ങളിൽ കൂടുതൽ വിൽപന സാധ്യതയുള്ള നിരവധി ഇനങ്ങളാണ് കടകളിൽ പ്രദർശനത്തിന് പോലും വയ്ക്കാനാകാതെ കെട്ടിക്കിടക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്ത്,  മുൻകൂറായി പണം നൽകിയാണ് ഇത്തരം സീസണൽ വസ്ത്രങ്ങൾ കൊണ്ടുവരുന്നത്. തണുപ്പില്ലാത്തത് കാരണം കടകളിൽ ഉപഭോക്താക്കൾ വളരെ കുറവാണ്.  മാളുകളിലും നേരത്തെ തന്നെ വേനൽക്കാല വസ്ത്രങ്ങൾ ഒഴിവാക്കി കട്ടിയുള്ള വസ്ത്രങ്ങളുടെ പ്രദർശനം ആരംഭിച്ചിരുന്നുവെങ്കിലും തണുപ്പ് കുറഞ്ഞതോടെ ചില മാളുകളിൽ  വസ്ത്രങ്ങളുടെ പ്രദർശനങ്ങളിൽ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. ഇടത്തരം കച്ചവടക്കാരെയാണ് കാലാവസ്‌ഥയിലെൽ മാറ്റം കൂടുതൽ ബാധിക്കുക. മനാമ, മുഹറഖ്, ഇസാ ടൗൺ സൂഖുകൾ തുടങ്ങിയ ഇടങ്ങളിലെ ഇടത്തരം സ്‌ഥാപനങ്ങൾക്കൊക്കെ വലിയ നഷ്ടമാണ് കാലാവസ്‌ഥാ വ്യതിയാനം മൂലം ഉണ്ടാകുക. കുട്ടികൾക്കുള്ള ജാക്കറ്റുകൾ, രോമത്തൊപ്പികൾ, കൈയുറകൾ തുടങ്ങിയവയുടെ ബിസിനസ് നന്നായി നടക്കേണ്ട സമയമാണ് ഇതെന്ന് ഗുദൈബിയയിലെ വസ്ത്ര വ്യാപാരി പറഞ്ഞു.

winter-clothing-market-sale

റൂം ഹീറ്ററുകളും മൂടിപ്പുതച്ചു തന്നെ 

തണുപ്പ് കാലത്ത്  വിപണിയിൽ കൂടുതൽ വിറ്റഴിയുന്ന റൂം ഹീറ്ററുകളും ഇത്തവണ പല കടകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. നവംബർ അവസാനം തൊട്ട്  വിപണിയിയിൽ പ്രദർശത്തിന് വയ്ക്കുന്ന  റൂം ഹീറ്ററുകൾ സാധാരണ ജനുവരിയിൽ നല്ലൊരു ശതമാനം വിൽപന നടക്കേണ്ടതാണ്. പതിവ് പോലെ സൂപ്പർ മാർക്കറ്റുകളിലും ഗൃഹോപകരണ ഷോറൂമുകളിലും എല്ലാം തന്നെ വിവിധ ബ്രാൻഡുകളിൽ ഉള്ള റൂം ഹീറ്ററുകൾ സ്‌ഥാനം പിടിച്ചിരുന്നുവെങ്കിലും ശൈത്യം ഒളിച്ചുകളി നടത്തിയതോടെ ഹീറ്ററുകളും കടകളിൽ നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി 

winter-clothing-market-sale

ബഹ്‌റൈനിൽ  ഇപ്പോൾ പകൽ 25 ഡിഗ്രിയും രാത്രി 18 ഡിഗ്രി സെൽഷ്യസുമാണ് താപനില. ആഗോള താപനത്തിന്റെ ഭാഗമായുള്ള കാലാവസ്‌ഥാ വ്യതിയാനമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബഹ്‌റൈനിലെ ഈ മാറ്റങ്ങൾക്ക് കാരണമെന്നാണ് കാലാവസ്‌ഥാ വിദഗ്ധർ പറയുന്നത്.

winter-clothing-market-sale
English Summary:

Bahrain did not Get Winter; Winter Clothing Market Sale is Slow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com