മികച്ച ആരോഗ്യപരിചരണം: 94 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ 20–ാം സ്ഥാനത്ത്
Mail This Article
ദോഹ ∙ ലോക രാജ്യങ്ങളിലെ മികച്ച ആരോഗ്യപരിചരണ സേവന റാങ്കിൽ ആദ്യ ഇരുപതിൽ ഖത്തർ. നഗരങ്ങളുടെ പട്ടികയിൽ ദോഹയും. നുംബിയോയുടെ ഈ വർഷത്തെ ആരോഗ്യപരിചരണ സൂചികയിലാണ് 72.7 പോയിന്റുമായി ഖത്തർ 20-ാം സ്ഥാനത്തെത്തിയത്.
നഗരാടിസ്ഥാനത്തിലുള്ള ആരോഗ്യപരിചരണ സൂചികയിൽ അറബ് മേഖലയിലെ നഗരങ്ങൾക്കിടയിൽ ദോഹ ഒന്നാമതാണ്. 217 നഗരങ്ങളുൾപ്പെടുന്ന സൂചികയിൽ തായ്‌പെയും 94 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ തായ്‌വാനുമാണ് ഒന്നാമത്. ആരോഗ്യ മേഖലയിലെ ലോകനിലവാരത്തിലുള്ള സേവനങ്ങൾ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, നിക്ഷേപം എന്നിവയാണ് ഖത്തറിനെ മുൻനിരയിലെത്തിച്ചത്.
തുടർച്ചയായ നാലാം വർഷമാണ് ഖത്തർ മുൻനിരയിൽ സ്ഥാനം ഉറപ്പിക്കുന്നത്. 2021 മുതൽ നുംബിയോ സൂചികയിൽ ഖത്തർ ആദ്യ ഇരുപതിലുണ്ട്. യുകെ ആസ്ഥാനമായ ബ്രാൻഡ് വാല്യുവേഷൻ കൺസൽറ്റൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ സൂചികയിൽ കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മികച്ച 250 അക്കാദമിക് മെഡിക്കൽ സെന്ററുകളിൽ ഖത്തറിന്റെ 5 ആശുപത്രികൾ ഇടം നേടിയിരുന്നു.