ADVERTISEMENT

ഷാർജ ∙ നഗരത്തിലെ 70,000 പാർക്കിങ്ങുകൾ പെയ്ഡ് പാർക്കിങ് ആക്കിയതായി ഷാർജ മുനിസിപ്പാലിറ്റി. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കാണിത്. വാണിജ്യ, വിനോദ രംഗത്തുള്ള എമിറേറ്റിന്റെ പുരോഗതി പരിഗണിച്ചാണ് വാഹന പാർക്കിങ്ങിനു ഫീസ് ഏർപ്പെടുത്തുന്നത്. 

നിയമം ലംഘിച്ചും മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കിയും പാർക്ക് ചെയ്യുന്നവരെ കണ്ടെത്താൻ നിരീക്ഷണം ഏർപ്പെടുത്തിയതായും ഷാർജ മുനിസിപ്പാലിറ്റി പബ്ലിക് പാർക്കിങ് ഡയറക്ടർ ഹാമിദ് അൽഖാഇദ് അറിയിച്ചു. ഓരോ വർഷവും പേ പാർക്കിങ് പരിധിയിലേക്കു പുതിയ മേഖലകൾ ഉൾപ്പെടുത്തുകയാണ് മുനിസിപ്പാലിറ്റി. 

നിയമലംഘനം; പിഴ ലഭിക്കുന്ന കുറ്റങ്ങൾ

നിരക്ക് നൽകാതെ പാർക്ക് ചെയ്യുക, ഒന്നിലധികം പാർക്കിങ് കയ്യേറുക, ഗതാഗതതടസ്സം ഉണ്ടാക്കുന്നവിധം വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുക, മാലിന്യപ്പെട്ടിക്ക് സമീപം നിർത്തുക, ബസ് പാർക്കിങ്ങുകളിൽ പാർക്ക് ചെയ്യുക, പ്രത്യേകം അടയാളപ്പെടുത്തിയ അല്ലെങ്കിൽ നിരോധിത മേഖലകളിൽ പാർക്ക് ചെയ്യുക, കാൽനടപാതയിലേക്ക് വാഹനം കയറ്റി നിർത്തുക, അടച്ചിട്ട ഉപരിതല പാർക്കിങ് കയ്യേറുക, ഔദ്യോഗിക ദൗത്യങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ സർക്കാർ കെട്ടിടങ്ങൾക്ക് സമീപം നിർത്തുക, ഭിന്നശേഷിക്കാർക്കായി വേർതിരിച്ച പാർക്കിങ് അനധികൃതമായി പ്രയോജനപ്പെടുത്തുക, നമസ്കാര സമയങ്ങളിലല്ലാതെ മസ്ജിദ് പാർക്കിങ് ഉപയോഗിക്കുക, പൊതുഗതാഗത വാഹനങ്ങൾക്കുള്ള പാർക്കിങ്ങിൽ വാഹനം നിർത്തുക. 

ബഹുനില പാർക്കിങ് മന്ദിരങ്ങള്‍

സാധാരണ പാർക്കിങ് ഇടങ്ങൾക്ക് പുറമേ നിക്ഷേപ അടിസ്ഥാനത്തിലുള്ള 301 ബഹുനില പാർക്കിങ്ങുകളും നഗരസഭ നൽകി. 24,000 വാഹനങ്ങൾക്ക് ഇവിടങ്ങളിൽ പാർക്ക് ചെയ്യാം. ഒഴിഞ്ഞ ഇടങ്ങളിൽ മാലിന്യം തള്ളുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ പേ-പാർക്കിങ് സംവിധാനത്തിലൂടെ സാധിച്ചതായി മുനിസിപ്പൽ അധികൃതർ പറഞ്ഞു. പലരും കെട്ടിടാവശിഷ്ടങ്ങളും വീട്ടുപകരണങ്ങളും തള്ളിയിരുന്ന ഇടങ്ങളെല്ലാം പാർക്കിങ് മേഖലകളാക്കിയതും ഗുണം ചെയ്തു. 

പാർക്ക് ചെയ്ത വാഹനങ്ങൾ നിരീക്ഷിക്കും

പാർക്കിങ് പ്രയോജനപ്പെടുത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്മാർട് ക്യാമറകൾ വഴി സ്കാൻ ചെയ്താണു നിയമലംഘകരെ പിടികൂടുന്നത്. മണിക്കൂറിൽ 3000 വാഹനങ്ങളുടെ നമ്പർ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

 ഇ- ടിക്കറ്റ്, സീസൺ ടിക്കറ്റ്, മൊബൈൽ സന്ദേശങ്ങൾ വഴി പണമടച്ച് പാർക്ക് ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങൾ എന്നിവ സ്കാനിങ് വഴി അധികൃതർക്ക് ലഭിക്കും. ഭാവിയിൽ ഷാർജയിലെ ജനസാന്ദ്രവും സജീവവുമായ കൂടുതൽ മേഖലകൾ പേ–പാർക്കിങ് പരിധിയിലാകും. ഇതിനായി നഗരസഭ സമഗ്ര സർവേ പൂർത്തിയാക്കി. എമിറേറ്റിലെത്തുന്ന സഞ്ചാരികൾക്കും സന്ദർശകർക്കുമെല്ലാം പാർക്കിങ് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

English Summary:

Sharjah's Densely Populated Areas to Pay-Parking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com